
അമ്പലപ്പുഴ: കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് യുവാവ് നൽകിയ പരാതിയിൽ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി തെളിവെടുപ്പ് നടത്തി. പുറക്കാട് തൈച്ചിറയിൽ ശ്രീകുമാർ നൽകിയ പരാതിയിലാണ് തെളിവെടുപ്പ് നടന്നത്. കഴിഞ്ഞ ജൂൺ 7 നായിരുന്നു കേസിനാസ്പദമായ സംഭവം. തൈച്ചിറയിൽ മോട്ടോർ ഉപയോഗിച്ച് മണൽ വാരുന്ന വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ് മോട്ടോർ പിടിച്ചെടുത്ത ശേഷം ശ്രീകുമാറിനെ സാക്ഷിയാക്കി. സ്റ്റേഷനിൽ എത്തിയപ്പോൾ മുമ്പ് പൊലീസിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പ്രതിയാക്കുകയായിരുന്നുവെന്നാണ് ശ്രീകുമാർ കംപ്ലെയിന്റ് അതോറിറ്റിക്ക് നൽകിയ പരാതിയിൽ പറയുന്നത്. സിവിൽ പൊലീസ് ഓഫീസർ പ്രദീപിനെതിരെയാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിയ സിറ്റിംഗിൽ അതോറിറ്റി വിവരങ്ങൾ ശേഖരിച്ചു. കേസ് വീണ്ടും ഫെബ്രുവരി 2ന് പരിഗണിക്കും.