
 കാടുമൂടിയ കനാലിലൂടെ കാട്ടുപന്നിയടക്കമുള്ള മൃഗങ്ങൾ നാട്ടിലെത്തുന്നു
ചാരുംമൂട് : പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കൂടി കടന്നു പോകുന്ന കല്ലട ഇറിഗേഷൻ പദ്ധതിയുടെ പ്രധാന കനാൽ വൃത്തിയാക്കുന്നത് മുടങ്ങിയിട്ട് മൂന്നു വർഷം. കനാലിൽ പാഴ്മരങ്ങൾ തഴച്ചു വളർന്ന നിലയിലാണിപ്പോൾ. ഇതോടെ, കാടുമൂടിയ കനാൽ വഴി കാട്ടുമൃഗങ്ങൾ നാട്ടിലെത്തിത്തുടങ്ങി. കാട്ടുപന്നി, കാട്ടുകോഴി, കാട്ടുതാറാവ്, ഉഗ്രവിഷമുള്ള ഇഴജന്തുക്കൾ, മയിൽ, മുള്ളൻപന്നി, മരപ്പട്ടി, കുറുക്കൻ തുടങ്ങിയവയാണ് ജനവാസ കേന്ദ്രങ്ങളിലെത്തിയത്.
ജില്ലയുടെ കിഴക്കുവടക്ക് അതിർത്തിയായ പാലമേൽ പഞ്ചായത്തിന്റെ കിഴക്കൽ പ്രദേശങ്ങളിലാണിപ്പോൾ കാട്ടുമൃഗങ്ങളുടെ ശല്യം കൂടുതൽ . രണ്ടാഴ്ച മുമ്പ് ആദിക്കാട്ടുകുളങ്ങരയിൽ പുലിയോടു സാദ്യശ്യമുള്ള ജീവിയെ കണ്ടത് വാർത്തയായിരുന്നു. ഇത് കാട്ടുപൂച്ച (വള്ളിപ്പുലി ) ആണെന്ന് പിന്നീട് കണ്ടെത്തി. തെന്മല,പുനലൂർ വനമേഖലകളിൽ നിന്നാകാം കാട്ടുമൃഗങ്ങൾ കനാൽ വഴി നാട്ടിലെത്തുന്നതെന്നാണ് നിഗമനം.കഴിഞ്ഞ ഒരു വർഷമായി പാലമേൽ,നൂറനാട്,താമരക്കുളം പഞ്ചായത്തുകളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണ്. പ്രക്ഷോഭവുമായി കർഷകർ രംഗത്തെത്തിയതോടെ പന്നികളെ തുരത്താൻ വനം വകുപ്പ് പ്രത്യേക ടീമിനെ നിയോഗിച്ചെങ്കിലും ഫലപ്രദമായിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം
എല്ലാ വർഷവും ജനുവരി ആദ്യവാരം കനാൽ തുറക്കുന്നതിന് മുമ്പായി കനാൽ വൃത്തിയാക്കാൻ അതാത് സ്ഥലത്തെ പഞ്ചായത്തുകൾക്ക് ഇറിഗേഷൻ അധികാരികൾ കത്ത് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിച്ച് കനാൽ ഭാഗങ്ങൾ വൃത്തിയാക്കുകയും ചെയ്തിരുന്നതാണ്. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നു വിട്ടാൽ ഒഴുക്ക് പല ഭാഗത്തും തടസപ്പെടും. മാലിന്യങ്ങൾ പാഴ്മരങ്ങളിൽ തങ്ങിനിൽക്കും. ഡിസംബർ ആദ്യവാരത്തിനു മുമ്പായി ജില്ലാ അതിർത്തിയായ മേട്ടുംപ്പുറം മുതൽ പടിഞ്ഞാറ് ചാരുംമൂടും വള്ളികുന്നവും അടക്കമുള്ള കനാൽ പ്രദേശം വൃത്തിയാക്കുന്നതിനുള്ള നടപടി അതാത് പഞ്ചായത്തുകൾ ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട് കയറിയ വിജനമായ കരപ്രദേശങ്ങളാണ് കാട്ടുപന്നികളുടെ താവളം. ഇത്തരത്തിലെ 66 ഏക്കറോളം കരഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി തരിശ് രഹിത പാലമേൽ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിക്കായി കർഷകർക്ക് വിട്ടു കൊടുക്കാൻ തീരുമാനമായി.
-ബി വിനോദ്
പാലമേൽ പഞ്ചായത്ത് പ്രസിഡന്റ്
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വ്യത്തിയാക്കാൻ പഞ്ചായത്തുകളിൽ കത്ത് നൽകിയിട്ടുണ്ട്.
- എസ്.സുകന്യ ,അസി.എൻജിനീയർ
കല്ലട ഇറിഗേഷൻ സബ് ഡിവിഷൻ ഓഫീസ്