ആലപ്പുഴ: പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമാണത്തിനിടെ ആലപ്പുഴ എ.വി.ജെ ജംഗ്ഷനിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനാൽ തുടർച്ചയായ രണ്ടാം ദിവസവും നഗരത്തിലെ പഴവങ്ങാടി, വഴിച്ചേരി വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങാൻ സാദ്ധ്യത. പൊട്ടിയ ഭാഗം കൂട്ടി യോജിപ്പിക്കുന്ന ജോലികൾ പൂർത്തീകരിക്കാത്തതിനാലാണ് പമ്പിംഗ് പുനരാരംഭിക്കാൻ കഴിയാത്തത്.

ജില്ലാ കോടതി-മുല്ലയ്ക്കൽ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള കാന നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. തുടർന്ന് പമ്പിംഗ് നിർത്തിവയ്ക്കുകയായിരുന്നു. പഴയ പൈപ്പായതിനാൽ പൊട്ടിയ ഭാഗം കൂട്ടി യോജിപ്പിക്കുന്നതിന് ആവശ്യമായ ഭാഗം ഇന്നലെ എറണാകുളത്ത് നിന്ന് എത്തിച്ചു. രാത്രി വൈകിയും ജോലികൾ തുടരുകയാണ്. പമ്പിംഗ് ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ നേരത്തേ അറിയിച്ചിരുന്നത്.