pipe

മാന്നാർ : മാന്നാർ പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വെള്ളം റോഡിൽ ഒഴുകാൻ തുടങ്ങിയിട്ട് മൂന്നു മാസം പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡായ ടൗൺ വാർഡിലാണ് ഈ ദുരവസ്ഥ. തൃക്കുരട്ടി മഹാദേവക്ഷേത്ര മതിലിനോട് ചേർന്ന് പൊലീസ് സ്റ്റേഷനിലേക്കും കെ.എസ്.ഇ.ബി ഓഫീസിലേക്കും പോകുന്ന പ്രധാന റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന ഈ റോഡിൽ മെറ്റലുകൾ ഇളകി കുഴികൾ രൂപപ്പെട്ടു തുടങ്ങി. ജലജീവൻ മിഷൻ പദ്ധതിയിൽപെട്ട പൈപ്പ് ലൈനാണ് ഇത് വഴി കടന്നു പോകുന്നത്. ശുദ്ധജലം ലഭിക്കാത്തതിനാൽ ഗുണഭോക്താക്കൾ പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. ജലജീവന്റെ ചെങ്ങന്നൂർ ഓഫീസിൽ പലതവണ അറിയിച്ചിട്ടും വേണ്ട നടപടി കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് വാർഡ് മെമ്പർ ഷൈന നവാസ് പറഞ്ഞു.