
ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം ചേപ്പാട് യൂണിയനിൽ നവംബർ 24ന് ആരംഭിച്ച മേഖലായോഗങ്ങൾ 30ന് സമാപിച്ചു. ഏഴ് മേഖലകളിലായി നടന്ന ശാഖ, യൂത്ത് മൂവ്മെന്റ്, വനിതാസംഘം, സ്വയം സഹായസംഘം ഭാരവാഹികളുടെ സംയുക്ത യോഗത്തിൽ, എസ്.എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കുന്നതിന്റെ രജതജൂബിലി ആഘോഷം, ജൂൺ 1ന് ചേപ്പാട്' യൂണിയന്റെ 15-ാം മത് സ്ഥാപകദിനാഘോഷം എന്നിവയുടെ ഭാഗമായി 2021- 22 വർഷം സംഘടനാവർഷമായി ആഘോഷിക്കാൻ തീരുമാനിച്ചു.
ഭവനനിർമ്മാണപദ്ധതി, വിദ്യാഭ്യാസപ്രോത്സാഹനം, മെഗാമെഡിക്കൽ ക്യാമ്പ്, കാർഷിക-വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ശുചിത്വപരിപാലനം, ആദ്ധ്യാത്മിക പരിപാടികൾ, സെമിനാറുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾക്ക് യൂണിയൻ കൗൺസിൽ രൂപം നൽകി. വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി ആഘോഷം യൂണിയൻ തല ഉദ്ഘാടനം 5ന് ഉച്ചയ്ക്ക് 2.30 ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷനാകും. സെക്രട്ടറി എൻ. അശോകൻ സ്വാഗതം പറയും. യൂണിയൻ ഭാരവാഹികൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും. വനിതാസംഘം, യൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 5ന് ഉച്ചക്ക് 1.30 ന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. ഓരോ ശാഖയിൽ നിന്നും വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും മൂന്ന് പ്രതിനിധികൾ വീതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. മുതുകുളം മേഖലായോഗത്തിൽ യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ. അശോകൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗം എം.കെ.ശ്രീനിവാസൻ ,മേഖല ചെയർമാനും യൂണിയൻ കൗൺസിലറുമായ അഡ്വ.യു.ചന്ദ്രബാബു, വനിതാ സംഘം യൂണിയൻ സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, മേഖല കൺവീനർ അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.