krail

പ്രതിഷേധക്കാരും പൊലീസുമായി സംഘർഷം

ചാരുംമൂട് : കെ.റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി നൂറനാട്ട് സർവ്വേയ്ക്ക് എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് സംഘർഷാവസ്ഥ. 3 പഞ്ചായത്തംഗങ്ങളും സ്ത്രീകളുമടക്കം 100 ഓളം പേരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. അറസ്റ്റ് ചെയ്തവരെ കൊണ്ടുപോകുന്നത്‌ തടയാൻ നാട്ടുകാർ ശ്രമിച്ചതാണ് പൊലീസുമായി നേരിയ തോതിൽ സംഘർഷത്തിനിടയാക്കിയത്.

കെ.റയിൽ സിൽവർ ലൈൻ കടന്നുപോകുന്ന നൂറനാട് പടനിലം ഏലിയാസ് നഗറിലാണ് സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായത്. ഇവിടെ കരിങ്ങാലിച്ചാൽ പുഞ്ചയുടെ ആഴവും വെള്ളത്തിന്റെ അളവും തിട്ടപ്പെടുത്താനാണ് റബർ ബോട്ടുൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയത്. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ സംഘം ഇന്നലെ പൊലീസ് സംരക്ഷണയിൽ എത്തുകയായിരുന്നു.

സംഘടിച്ചെത്തിയ നാട്ടുകാർ വാഹനം ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞിട്ടു. തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന നൂറനാട് സി.ഐ വി.ആർ.ജഗദീഷും സംഘവും നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും ഇവർ പിരിഞ്ഞു പോയില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി പിരിഞ്ഞു പോകാൻ കൂട്ടാക്കാതിരുന്ന നാട്ടുകാരെ അറസ്റ്റ് ചെയ്ത് നൂറനാട് സ്റ്റേഷനിലേക്ക് മാറ്റി. അറസ്റ്റു ചെയ്തവരെ കൊണ്ടുപോകുന്നത് തടയാൻ സ്ത്രീകളടക്കമുള്ളവർ ശ്രമിച്ചതാണ് പൊലീസുമായി സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധക്കാരെ നീക്കം ചെയ്ത ശേഷമാണ് അറസ്റ്റു ചെയ്തവരെ കൊണ്ടുപോകാനായത്. പാലമേൽ ഗ്രാമ പഞ്ചായത്തിലയ കോൺഗ്രസ് അംഗങ്ങളായ പി.പി. കോശി, ഷൈലജ, നൂറനാട് ഗ്രാമപഞ്ചായത്തിലെ ബി.ജെ.പി അംഗം വിഷ്ണു , കെ - റെയിൽ വിരുദ്ധ പ്രതിരോധ ജനകീയ സമിതി ജില്ലാ പ്രസിഡന്റ്ഡി .സന്തോഷ് കുമാർ , സെക്രട്ടറി കെ.ആർ. ഓമനക്കുട്ടൻ എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പ്രവർത്തകരെ നീക്കം ചെയ്തതിനുശേഷം സർവ്വേ ജോലികൾ നടന്നു. പുഞ്ചയിലെ വെള്ളത്തിൽ റബ്ബർ ബോട്ടിറക്കി ആധുനിക സംവിധാനങ്ങളുമായി സാറ്റലൈറ്റ് സഹായത്തോടെയാണ് പുഞ്ചയുടെ ആഴം തിട്ടപ്പെടുത്തുന്ന ജോലികൾ നടത്തിയത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

കോൺഗ്രസ്

പ്രതിഷേധിച്ചു

കെ - റെയിൽ സർവ്വേ തടഞ്ഞതിന് ജനപ്രതിനിധികളെയും നാട്ടുകാരെയും അറസ്റ്റ് ചെയതറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുമുന്നിൽ സംഘടിച്ച് പ്രതിഷേധിച്ചു. നേതാക്കളായ ജി.ഹരിപ്രകാശ്, ജി.വേണു , എം.ആർ.രാമചന്ദ്രൻ ,ഷാജി നൂറനാട്, വന്ദന സുരേഷ്, ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.