axhke

ആലപ്പുഴ: നഗരസഭയുടെ ശുചിത്വ പരിപാടിയായ നിർമ്മല ഭവനം നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതിയുടെ ഭാഗമായി പവർ ഹൗസ്, ചാത്തനാട്, തിരുവാമ്പാടി എന്നീ വാർഡുകൾ കൂടി സമ്പൂർണ ശുചിത്വ പദവി കൈവരിച്ചു. ശുചിത്വ പ്രഖ്യാപനങ്ങൾ മുൻ മന്ത്രി ജി.സുധാകരൻ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, എച്ച്. സലാം എം.എൽ.എ എന്നിവർ നിർവഹിച്ചു. നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് അദ്ധ്യക്ഷയായി.

ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ ശുചിത്വ സന്ദേശം നൽകി. ശുചിത്വ പദവി കൈവരിച്ച വാർഡുകളിലെ കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, കെ.എസ്. ജയൻ, ആർ. രമേശ് എന്നിവർ സ്വാഗതം പറഞ്ഞു. എം. ആർ. പ്രേം, ഡി.പി. മധു, ഇ.കെ. ജയൻ, വിജയകുമാർ, ഫാ. സെബാസ്റ്റ്യൻ ജൂഡോ, ഫാ. പ്രസാദ് പൊന്നച്ചൻ, ശ്രീജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ഡിജിറ്റൽ ശുചിത്വ സർവേ വഴി ഭവനങ്ങളിലെ ശുചിത്വ നിർമ്മാർജ്ജന ശേഷി കൃത്യമായി വിശകലനം ചെയ്ത് 90 ശതമാനം സബ്‌സിഡിയോടെ ബയോ ബിന്നുകൾ വിതരണം ചെയ്ത് സമ്പൂർണ ജൈവ മാലിന്യ സംസ്‌കരണവും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ പരിപാടി വഴി എല്ലാ വീടുകളിലും ഹരിത കർമ്മ സേനയുടെ സേവനം ഉറപ്പുവരുത്തിയിരുന്നു.

ശുചിത്വ പോസ്റ്റർ മത്സരവും ബീച്ചിൽ ഫ്‌ളാഷ് മോബും അടക്കമുള്ള പ്രചാരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു. പദ്ധതി വിജയിപ്പിച്ച ജനപ്രതിനിധികൾക്കും ആരോഗ്യ സ്ഥിരം സമിതിക്കും ഉദ്യോഗസ്ഥർക്കും കാൻ ആലപ്പി, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ, സർവേയർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ക്ലസ്റ്റർ ലീഡർമാർ എന്നിവർക്ക് നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ് നന്ദി പറഞ്ഞു.