
ആലപ്പുഴ: വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്നയാളെ കുത്തിവീഴ്ത്തുകയും ചെയ്ത കേസിലെ പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജ് പി.എൻ. സീത കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
വഴി തടസെപ്പെടുത്തിവച്ചിരുന്ന ബൈക്ക് മാറ്റിയ പുന്നപ്ര വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ വൃക്ഷവിലാസം വീട്ടിൽ അൻഷാദാണ് (27) കൊല്ലപ്പെട്ടത്. വൃക്ഷവിലാസം തോപ്പിൽ സുനീറിനാണ് (34) പരിക്കേറ്റത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ സുധീറാണ് (46) കുറ്റകാരൻ. മാരകായുധം ഉപയോഗിച്ച് ആക്രമണം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
2012 ആഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം. വഴി തടസപ്പെടുത്തി ബൈക്ക് വച്ചതിനെ തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ വീണ്ടുമുണ്ടായ വാക്കേറ്റത്തിനിടെ സുധീർ കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അൻഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21സാക്ഷികളെ വിസ്തരിച്ചു. 23 തെളിവുകളും എട്ട് തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി. ഗീത ഹാജരായി.