
 മരണത്തിൽ ദുരൂഹതയെന്ന് പിതാവിന്റെ പരാതി
ചേർത്തല : പഞ്ചാബിലെ ജലന്തർ രൂപതയിലെ കോൺവെന്റിൽ ചേർത്തല സ്വദേശിനിയായ കന്യാസ്ത്രീ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അർത്തുങ്കൽ കാക്കിരിയിൽ ജോൺ ഔസേഫിന്റെ മകൾ മേരി മേഴ്‌സി (31) ചൊവ്വാഴ്ച ആത്മഹത്യചെയ്തതായാണ് സഭാ അധികൃതർ വീട്ടുകാരെ അറിയിച്ചത്. എങ്ങനെയാണ് മരിച്ചതെന്ന് സഭാ അധികൃതർ വിശദമാക്കിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
മകൾ ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിൽ സംശയമുണ്ടെന്നും കാട്ടി പിതാവ് ജോൺ ഔസേഫ് ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതിനൽകി.
ജലന്തർ രൂപതയിൽപെട്ട സാദിഖ് ഔവർ ലേഡി ഒഫ് അസംപ്ഷൻ കോൺവെന്റിലായിരുന്നു മേരിമേഴ്‌സി നാലുവർഷമായി പ്രവർത്തിച്ചിരുന്നത്. ഇവിടെ വച്ച് ജീവനൊടുക്കിയതായാണ് വിവരം.
29ന് രാത്രിയും മകൾ ഉല്ലാസവതിയായി വീട്ടലേക്കു ഫോണിൽ വിളിച്ചിരുന്നെന്നും ഡിസംബർ രണ്ടിലെ ജന്മദിനത്തെക്കുറിച്ചും ക്രിസ്മസിന് സമ്മാനങ്ങൾ വാങ്ങുന്നതിനെപ്പറ്റിയും സംസാരിച്ചിരുന്നതായും പരാതിയിൽ പറയുന്നു. ജന്മദിനത്തിൽ വിളിക്കാമെന്ന് പറഞ്ഞാണ് ഫോൺ വച്ചത്. മരണത്തിലും അവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും സംശയമുണ്ടെന്നും വീണ്ടും പോസ്റ്റുമോർട്ടം നടത്തി യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നും പരാതിയിലുണ്ട്. ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അമ്മ:കർമ്മിലി. സഹോദരൻ:മാർട്ടിൻ.