masjid

ഹരിപ്പാട്: മനസുകളിൽ ഇതര മതസ്ഥരോട് വെറുപ്പ് പടരുന്ന കാലത്ത് മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും കൂടുതൽ അടുത്തറിയുന്നതിനും ലക്ഷ്യമിട്ട് കുമാരപുരം ഹുദാ മസ്ജിദിന്റെ വാതിലുകൾ സഹോദര സമുദായങ്ങൾക്ക് മുന്നിൽ തുറന്നിടും. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് നടക്കുന്ന ജുമാ നമസ്കാരം അടുത്തിരുന്ന് വീക്ഷിക്കാൻ ഇവർക്കായി പള്ളിക്കുള്ളിൽ ഇരിപ്പിടങ്ങൾ ഒരുക്കും. വിവിധ മത - രാഷ്ട്രീയ - സാംസ്കാരിക - സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരെ പള്ളി ഭാരവാഹികൾ ക്ഷണിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല, കെ.എം. രാജു, സ്വാമി മധുരാനന്ദ, കെ. അശോക പണിക്കർ, ഫാ. ഡൊമിനിക് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. പ്രാർത്ഥനയ്ക്ക് ശേഷം സൗഹൃദങ്ങൾ പങ്കുവച്ചും വിരുന്നിൽ പങ്കെടുത്തുമാകും അതിഥികൾ പിരിയുക. മതങ്ങൾ തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കൂടി മഹത്വത്തിലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത്. ഈ മഹിമ എക്കാലവും നിലനിൽക്കണമെന്ന് ആഗ്രഹിച്ചാണ് സൗഹൃദ ജുമാ നടത്തുന്നതെന്ന് മസ്‌ജിദുൽ ഹുദാ ഭാരവാഹികൾ പറഞ്ഞു.