
ചാരുംമൂട് : സമരമുഖത്ത് ക്രമസമാധാന പാലനത്തിന് എത്തിയ സി.ഐ പ്ലാസ്റ്റിക് വലയിൽ കുടുങ്ങിക്കിടന്ന ചേരയെ രക്ഷപ്പെടുത്തി. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യുവാണ് നൂറനാട് പടനിലം ഏലിയാസ് നഗറിൽ കരിങ്ങാലിച്ചാൽ പുഞ്ചയുടെ ഓരത്ത് രണ്ട് ദിവസത്തോളമായി കുരുങ്ങിക്കിടന്നിരുന്ന ചേരയെ രക്ഷപ്പെടുത്തിയത്.
കെ - റയിലിൽ പദ്ധതിയുടെ ഭാഗമായി സർവേയ്ക്കെത്തിയ ഉദ്യോസ്ഥരെയും ജോലിക്കാരെയും നാട്ടുകാർ തടഞ്ഞതിനെ തുടർന്നാണ് സി.ഐ ഉൾപ്പെടെ വൻ പൊലീസ് സംഘം ഏലിയാസ് നഗറിലെത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സർവേയ്ക്കെത്തിയവരെ കരിങ്ങാലി പുഞ്ചയിലേക്ക് കടത്തിവിടുമ്പോഴാണ് ചത്തു കിടക്കുകയാണെന്ന് തോന്നിച്ച ചേരയെ കാണുന്നത്. അടുത്തെത്തി വല ഉയർത്തി നോക്കുമ്പോളാണ് ചേരയ്ക്ക് ജീവനുണ്ടെന്ന് മനസിലായത്. മീൻപിടുത്തക്കാർ ഉപേക്ഷിച്ച വലയിലാണ് ചേര കുടുങ്ങിയത്.
ഉടൻ അടുത്ത വീട്ടിൽ നിന്ന് കത്രിക വാങ്ങി അര മണിക്കൂർ സമയമെടുത്താണ് വലമുറിച്ച് ചേരയെ രക്ഷപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന സി.ഐ വി.ആർ. ജഗദീഷും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടായിരുന്നു.