മാവേലിക്കര: കൊവിഡിൽ മുടങ്ങിയ കഥകളി അവതരണത്തിന് വിരാമമിട്ട് കിർമ്മീരവധം കഥയിലെ ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ലളിത-പാഞ്ചാലി രംഗം അവതരിപ്പിക്കുന്നു. 5ന് വൈകിട്ട്‌ 4.30ന് മാവേലിക്കര എ.ആർ സ്മാരകത്തിലാണ് അരങ്ങുണരുന്നത്.

കഥകളിയിലെ സ്ത്രീ വേഷങ്ങളിൽ ശ്രദ്ധേയനായ മാർഗി വിജയകുമാർ കിർമ്മീരവധം കഥകളിയിലെ ലളിത വേഷത്തിൽ അരങ്ങിലെത്തും. പാഞ്ചാലിയായി കലാമണ്ഡലം ജിഷ്ണു രവി വേഷമിടും. പ്രശസ്ത കലാകരന്മാരായ പത്തിയൂർ ശങ്കരൻകുട്ടി, കലാമണ്ഡലം കൃഷ്ണകുമാർ (സംഗീതം), കലാമണ്ഡലം ശ്രീകാന്ത് വർമ്മ (ചെണ്ട), കലാമണ്ഡലം അച്യുതവാര്യർ (മദ്ദളം) എന്നിവർ പശ്ചാത്തലം ഒരുക്കും. കഥകളി ആസ്വാദക സംഘമാണ് വേദി ഒരുക്കുന്നത്.
ചടങ്ങിൽ ഈ വർഷത്തെ കലാമണ്ഡലം അവാർഡ് ജേതാക്കളായ മാർഗി വിജയകുമാറിനെയും കലാമണ്ഡലം അച്യുതവാര്യരെയും ആദരിക്കുമെന്ന് കഥകളി ആസ്വാദക സംഘം പ്രസിഡന്റ് ജെ. ഗോപകുമാർ അറിയിച്ചു.