thattukada

# വാണിജ്യ സിലിണ്ടർ, പച്ചക്കറി വില ഉയരുന്നു

ആലപ്പുഴ: അടുപ്പെരിയുന്നതിനേക്കാൾ തീയാണ് ഹോട്ടൽ ഉടമകളുടെ മനസിൽ. പാചകവാതകം, പച്ചക്കറി വില ഉയർന്നതാണ് ഹോട്ടലുകൾ നീറിപ്പുകയാൻ കാരണം. ഏറ്റവും ഒടുവിൽ 101 രൂപയാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഈ വർഷം ഇതുവരെ വാണിജ്യ സിലിണ്ടറിന് വർദ്ധിപ്പിച്ചത് 776 രൂപയാണ്.

19 കിലോ വരുന്ന ഒരു വാണിജ്യ സിലിണ്ടറിന് 2,126 രൂപയാണ് വില. ഇതോടെ ചെറുകിട ഹോട്ടലുകൾ പ്രതിസന്ധിയിലായി. തട്ടുകടക്കാർ തൊഴിൽ നിറുത്തേണ്ട അവസ്ഥയാണ്. ചെറുകിട ഹോട്ടലുകൾക്ക് പിടിച്ചുനിൽക്കണമെങ്കിൽ ഭക്ഷണവില വർദ്ധിപ്പിക്കേണ്ടിവരും. ഇങ്ങനെ വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയും.

കൊവിഡിന് ശേഷം ജനജീവിതം സാധാരണമാകുന്നതിനിടെ വിലക്കയറ്റം ഹോട്ടൽ മേഖലയെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കും.

രണ്ട് - മൂന്ന് സിലിണ്ടറുകൾ ഉപയോഗിക്കുന്ന ചെറുകിട ഹോട്ടലുകൾക്ക് നിലവിലെ വിലയിൽ ഒരുമാസം 23,000 മുതൽ 77,000 രൂപ വരെയാണ് അധിക ചെലവ്. കൂടാതെ മറ്റ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോൾ പോക്കറ്റ് ചോരും. നിലവിൽ ചെറിയതോതിലെങ്കിലും വില കൂട്ടിയില്ലെങ്കിൽ പല ഹോട്ടലുകൾക്കും പൂട്ടുവീണേക്കും.

നടുവൊടിച്ച് വിലക്കയറ്റം

1. പെട്രോൾ, ഡീസൽ വില വർദ്ധന ചരക്ക് ഗതാഗതത്തെ ബാധിച്ചു

2. കനത്ത മഴയിൽ തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ കൃഷിനാശം

3. രണ്ടുംകൂടിയായപ്പോൾ പച്ചക്കറി വില കുതിച്ചുയർന്നു

4. ഒരു കിലോ സവാളയ്ക്ക് വാഹനക്കൂലിയിൽ മാത്രം 5 രൂപയുടെ വർദ്ധന

5. ഉരുളക്കിഴങ്ങ് വില 50 രൂപയിലെത്തി

6. മറ്റ് ഇനങ്ങൾക്കും വില ഉയർന്നു

7. ഇതോടെ ചരക്ക് വരവും കുറഞ്ഞു

വാണിജ്യ സിലിണ്ടർ വിലവർദ്ധന

ജൂ​ൺ​ ​ഒ​ന്ന് ​ ₹​ 1,466
ജൂ​ലാ​യ് ​ ₹​ 1,550
ആ​ഗ​സ്റ്റ് ഒന്ന് ​₹​ 1,623
ആ​ഗ​സ്റ്റ് 18 ₹​ 1,618
സെ​പ്തം​ബ​ർ​ ​₹​ 1,692
ഒ​ക്ടോ​ബ​ർ​ ​₹​ 1,728
ന​വം​ബ​ർ ഒന്ന് ​ ​₹​ 1,994
ന​വം​ബ​ർ​ ​ മൂന്ന് ₹​ 2,025
ഡി​സം​ബ​ർ​ ​₹​ 2,126

""

ക്രൂഡോയിൽ വില കുറയുന്ന സാഹചര്യത്തിൽ പാചക വാതക വില വർദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വിലവർദ്ധന നേരിടാൻ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിച്ചേ മതിയാകൂ. 22 മാസം അടഞ്ഞുകിടന്നതിന് ശേഷമാണ് ഹോട്ടലുകൾ തുറന്നത്.

നാസർ.പി. താജ്, കേരളാ ഹോട്ടൽ ആൻഡ്

റസ്റ്റോറന്റ് അസോ. ജില്ലാ പ്രസിഡന്റ്