നടപ്പാലത്തിലൂടെയുള്ള ഇരുചക്ര വാഹനയാത്ര കാൽനടയാത്രികർക്ക് ഭീഷണി

ആലപ്പുഴ: നഗരത്തിൽ പ്രധാനപാതകളെല്ലാം നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഒരേ സമയം അടച്ചിട്ടതോടെ സഞ്ചരിക്കാൻ നടപ്പാലത്തെ ഇരുചക്ര വാഹനയാത്രികർ ആശ്രയിക്കുന്നത് അപകട ഭീഷണിയാകുന്നു. കാൽനടയാത്രക്കാരെ മറികടന്നാണ് ഇരു ചക്രവാഹനങ്ങൾ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്.

ഒരേസമയം ശവക്കോട്ടപാലത്തിന്റെ ഇരുവശങ്ങളിലെയും റോഡുകൾ അടച്ചിട്ടതോടെ, പ്രമുഖ സ്കൂളിനോട് ചേർന്ന് കനാലിന് കുറുകെ നിർമിച്ചിരിക്കുന്ന നടപ്പാലത്തിലാണ് ഇരുചക്രവാഹനയാത്ര പതിവായത്. നൂറ് കണക്കിന് വിദ്യാർത്ഥിനികൾ പ്രധാനമായും ആശ്രയിക്കുന്ന പാലമാണിത്. പലപ്പോഴും കുട്ടികളെയും മറികടന്നാണ് വാഹനങ്ങൾ ഇതുവഴി ഇരച്ചുകയറുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വാഹനങ്ങൾ സഞ്ചരിച്ചു തുടങ്ങിയതോടെ പാലത്തിലെ ടൈലുകൾ ഇളകിത്തുടങ്ങി. ശവക്കോട്ട പാലത്തിന്റെ നിർമ്മാണ ആവശ്യത്തിനുള്ള സാധനങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ ട്രോളിയിലാക്കി കൊണ്ടുപോകാനും പാലം ഉപയോഗിക്കുന്നത് ടൈൽ പൊട്ടാൻ കാരണമാകുന്നു. പാലത്തിലേക്ക് കയറുന്ന ഭാഗത്ത് ചരിവുള്ളതാണ് ഇരുചക്ര വാഹനങ്ങൾ ഇതുവഴി കയറ്റാൻ സഹായകമാകുന്നത്.

വേറെ വഴിയില്ല!

ശവക്കോട്ടപ്പാലം, കൊമ്മാടി പാലം, പിച്ചു അയ്യർ ജംഗ്ഷൻ, എ.വി.ജെ ജംഗ്ഷൻ തുടങ്ങി നഗരത്തിന്റെ എല്ലാ ദിക്കിലും റോഡുകൾ നിർമ്മാണ പ്രവൃത്തികൾക്കായി അടച്ചുപൂട്ടിയിരിക്കുകയാണ്. കിലോമീറ്ററുകളോളം കറങ്ങിയുള്ള അധികയാത്ര ഒഴിവാക്കുന്നതിന് നടപ്പാലങ്ങളെ യാത്രയ്ക്ക് ഉപയോഗിക്കാൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് ഇരുചക്ര വാഹനയാത്രികർ പറയുന്നു. ഒരു സമയം ഒരു റോഡ് എന്ന നിലയിൽ പൊളിച്ചിരുന്നെങ്കിൽ ഇത്ര ഗതാഗതക്കുരുക്ക് നേരിടേണ്ടി വരില്ലായിരുന്നു.

പല റോഡുകൾ ഒരേ സമയം പൊളിച്ചിട്ടിരിക്കുന്നത് മൂലം ഗതാഗത നിയന്ത്രണത്തിന് ഏറെ പാടുപെടുന്നു. വഴിയില്ലാതെ വിഷമിക്കുന്ന യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാകുന്നുണ്ട്. എങ്കിലും നടപ്പാലം വാഹനയാത്രയ്ക്കുള്ള ഇടമല്ല. പാലത്തിലേക്ക് വാഹനങ്ങൾ കയറാത്ത തരത്തിൽ തടസം വയ്ക്കുന്നതടക്കം പരിഗണിക്കും

- ട്രാഫിക് പൊലീസ്