
അമ്പലപ്പുഴ : പേര് റോഡെന്നാണെങ്കിലും കണ്ടാൽ തോടിന് സമാനം. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കമ്പിവളപ്പിലേക്കുള്ള റോഡിന്റെ രണ്ട് വർഷമായുള്ള അവസ്ഥയാണിത്. 15 വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലുൾപ്പെടുത്തി നിർമിച്ച ഈ റോഡിൽ പിന്നീട് യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
ഖാദിരിയ പാലം മുതൽ 200 മീറ്റർ ഭാഗമാണ് തകർന്ന് വെള്ളക്കെട്ടായി തോടിന് തുല്യമായി കിടക്കുന്നത്. ഖാദിരിയ ജുമാ മസ്ജിദ്, മദ്രസ, അങ്കണവാടി, കാക്കാഴം സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള ഏക യാത്രാ മാർഗമാണിത്. റോഡിന്റെ ശോചനീയാവസ്ഥയെത്തുടർന്ന്, മദ്രസയിലേക്ക് കുട്ടികളെ അയക്കില്ലെന്ന് രക്ഷാകർത്താക്കൾ അറിയിച്ചതോടെ പഞ്ചായത്തംഗം മുൻ കൈയെടുത്താണ് റോഡിന് ഇരുവശവും മണൽച്ചാക്കുകൾ അടുക്കി നടന്നു പോകാൻ സൗകര്യം ഒരുക്കിയത്.
സമീപത്തെ തോട് നികത്തിയതോടെയാണ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതെന്ന് നാട്ടുകാർ പറഞ്ഞു.മഴ കനത്തതോടെ നാട്ടുകാരുടെ യാത്രാ ദുരിതം വർദ്ധിച്ചു. മലിനജലം കെട്ടിക്കിടക്കുന്നത് പകർച്ചവ്യാധിക്ക് കാരണമാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
കമ്പി വളപ്പ് റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. എം. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അൽത്താഫ് സുബൈർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.
പൊട്ടിപ്പൊളിഞ്ഞ നിലയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ട സ്ഥിതിയിലാണ്. അശാസ്ത്രീയമായ റോഡ് നിർമ്മാണം കാരണം മുഴുവൻ വീടുകളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്. ഇനിയും ഇതിന് പരിഹാരം ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് പടിക്കൽ സമരം നടത്തും
-ഫഹദ് റഹ്മാൻ, ജനറൽ സെക്രട്ടറി,
എം എസ് എഫ് വാർഡ് കമ്മിറ്റി