ആറ് ഗാർഹിക കണക്‌ഷനുകളുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിന്റെ കാന നിർമ്മാണത്തിനിടെ ആലപ്പുഴ എ.വി.ജെ ജംഗ്ഷനിൽ പൊട്ടിയ പൈപ്പിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ പുലർച്ചെ മുതൽ പമ്പിംഗ് പുനഃസ്ഥാപിച്ചു. ആറ് ഗാർഹികഉപഭോക്താക്കളുടെ കണക്ഷൻ ലൈനുകൾ പൊട്ടിയതിന് പരിഹാരം കാണാത്തതിനാൽ ശുദ്ധജലം പാഴാകുന്നു.
പൊട്ടിയ പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വാട്ടർ അതോറിട്ടി അധികൃതർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകി. ജില്ലാ കോടതി-മുല്ലയ്ക്കൽ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള കാന നിർമ്മാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് പൈപ്പ് ലൈൻ പൊട്ടിയത്. ഇതോടെ നഗരത്തിലെ പഴവങ്ങാടി, വഴിച്ചേരി വാർഡുകളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. എ.വി.ജെ ജംഗ്ഷൻ മുതൽ പടിഞ്ഞാറോട്ട് ആറ് ഗാർഹികഉപഭോക്താക്കളുടെ കണക്ഷൻ ലൈനുകളും പൊതുമരാമത്ത് വകുപ്പിന്റെ പുനർ നിർമ്മാണ ജോലിക്കിടെ പൊട്ടിയിരുന്നു. ഇക്കാര്യം പൊതുമരാമത്ത് വകുപ്പ് അധികാരികൾ വാട്ടർ അതോറിട്ടിയെ അറിയിച്ചതുമില്ല. ഈ ഭാഗത്ത് കൂടി വെള്ളം നഷ്ടമാകുന്നതിനാൽ അടുത്തുള്ള മറ്റ് ഉപഭോക്താക്കൾക്ക് വെള്ളം കിട്ടാത്ത അവസ്ഥയാണ്.