
ഹരിപ്പാട്: കാർത്തികപ്പളളി ഐ.എച്ച്.ആർ.ഡി കോളേജിനെ കേരളത്തിലെ മികച്ച കോളേജുകളിൽ ഒന്നാക്കി മാറ്റുമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. നിലവിൽ കോളേജിന്റെ രണ്ടാംനിലയുടെ കെട്ടിട നിർമ്മാണം നടന്നു വരികയാണ്. മൂന്നാം നില നിർമ്മിക്കാൻ അടുത്ത ബഡ്ജറ്റിലേക്ക് പ്രൊപ്പോസൽ നൽകും. കേന്ദ്രവും സംസ്ഥാനവും നടത്തുന്ന ഓൺലൈൻ മത്സര പരീക്ഷകൾ നടത്തുവാനുളള ആധുനിക കമ്പ്യൂട്ടർ ലാബ് കോളേജിൽ സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചു. ഐ.എച്ച്.ആർ.ഡി യുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ലാബ് നിർമ്മിക്കുവാനുളള നടപടി ഉടൻ ആരംഭിക്കും. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഇക്കാര്യം സമ്മതിച്ചതായും ചെന്നിത്തല അറിയിച്ചു. കോളേജിന് സ്മാർട്ട് ക്ലാസ് റൂമും പ്രവേശന കവാടവും എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കും. കോളേജിന്റെ വികസനത്തിനായി അടുത്തുളള സ്ഥലം വാങ്ങുന്ന നടപടികൾ ത്വരിതപ്പെടുത്തും. കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് കാർത്തികപ്പളളി ഐഎച്ച്ആർഡി കോളേജിൽ നടന്ന അലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എലിസബത്ത് ഫിലിപ്പ്, ശ്രീജ,കുരുവിള കോശി, പ്രഹ്ലാദൻ,തരുൺ എന്നിവർ സംസാരിച്ചു.