streetlight

മാന്നാർ : മാന്നാറിന്റെ വിവിധ ഭാഗങ്ങളിൽ മാസങ്ങളായി പ്രകാശിക്കാതെ കിടന്നിരുന്ന തെരുവ് വിളക്കുകൾക്ക് ശാപമോക്ഷം. കഴിഞ്ഞ ദിവസം മുതലാണ് തെരുവു വിളക്കുകൾ തെളിഞ്ഞു തുടങ്ങിയത്. ലൈറ്റുകൾ തെളിയാത്തതിനെപ്പറ്റി നവംബർ 29 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഭരണ സമിതി ഉണർന്ന് പ്രവർത്തിക്കുകയും യുദ്ധകാലാടിസ്ഥാനത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.

പുതിയ ഭരണസമിതി വന്ന് ഒരുവർഷമായിട്ടും പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെയും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. സന്ധ്യ കഴിഞ്ഞാൽ ഇരുട്ട് നിറഞ്ഞ വീഥികളിലൂടെയുള്ള സഞ്ചാരം ദുഷ്കകരമായതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു. വെള്ളപ്പൊക്കത്തിന്റെ ദുരിതക്കയത്തിൽ കഴിഞ്ഞിരുന്ന പടിഞ്ഞാറൻ പ്രദേശത്തെ 1,2,3,4 വാർഡുകളിലെ തെരുവ് വിളക്കുകൾക്ക് ആദ്യപരിഗണന നൽകി. അത്യാവശ്യത്തിനുള്ള ബൾബുകളും ട്യൂബുകളും എത്തിയിട്ടുണ്ടെന്നും ഓരോ വാർഡുകളിലേക്കും അവ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും നാലാംവാർഡ് മെമ്പറുമായ ശാലിനി രഘുനാഥ് പറഞ്ഞു.

അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ തവണ കൂടിയ തുകയ്ക്ക് കരാർ കൊടുത്തതിലൂടെ പഞ്ചായത്തിന് ഭീമമായ നഷ്ടം സംഭവിച്ചിരുന്നു. ഇത്തവണ അങ്ങനെ ഉണ്ടാവാതിരിക്കാൻ ശ്രമിച്ചതിനാലാണ് ടെൻഡർ നടപടികൾ നീണ്ടു പോയത്

- സുനിൽ ശ്രദ്ധേയം, വൈസ് പ്രസിഡന്റ്, മാന്നാർ ഗ്രാമ പഞ്ചായത്ത്

ഓരോ വാർഡിലേക്കും നൽകുന്ന 50 ബൾബുകളും 13 ട്യൂബുകളും അപര്യാപ്തമാണ്. കരാർതുക കുറച്ചതിലൂടെ നിലവാരം കുറഞ്ഞ ഉപകരണങ്ങൾ വാങ്ങാൻ കരാറുകാർ നിർബന്ധിതരാകും. ബൾബുകളും മറ്റും വളരെ വേഗം മാറ്റിയിടേണ്ട അവസ്ഥ വന്നുചേരും. പഞ്ചായത്തിന് കൂടുതൽ നഷ്ടം ഇതിലൂടെ ഉണ്ടാകും

- അജിത് പഴവൂർ (ഗ്രാമപഞ്ചായത്തംഗം, ഡി.സി.സി അംഗം)

ജനങ്ങൾ പ്രതികരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുത്. അടിസ്ഥാന വികസന സൗകര്യങ്ങളുടെ കാര്യത്തിലെങ്കിലും ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണം. തകർന്നു കിടക്കുന്ന റോഡുകളുടെ കാര്യത്തിലും പഞ്ചായത്തിന്റെ അതീവശ്രദ്ധ പതിയണം

- കെ.എം.ജലീൻ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ്