ph

കായംകുളം :എരുവ മാവിലേത്ത് സ്കൂളിന് പുതിയ കെട്ടിടത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചതായി യു.പ്രതിഭ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. 100 വർഷത്തിലേറെ പഴക്കമുള്ളതാണ് മാവിലേത്ത് സ്കൂൾ.

എരുവക്ഷേത്രത്തോട് ചേർന്നായിരുന്നു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ഇവിടെ പഠിക്കാൻ ഇരിപ്പിടം ഏറ്റവും പിന്നിലായിരുന്നു . അന്ന് കരം തീരുവ ഉണ്ടായിരുന്ന കുറ്റിത്തറ,വാണിയത്ത് കുടുംബത്തിലെ കാരണവന്മാർ തിരുവിതാംകൂർ മഹാരാജാവിനെ കാണുകയും ഈ ദുരവസ്ഥ അദ്ദേഹത്തെ അറി​യി​ക്കുകയും ചെയ്തു. . മതിയായ സ്ഥലം കണ്ടെത്തി നൽകിയാൽ പുതിയ സ്കൂൾ ആരംഭിക്കാമെന്ന് മഹാരാജാവ് അറിയിച്ചു. ഇതേത്തുടർന്ന് കുറ്റീത്തറ കുടുംബാംഗങ്ങൾ വിട്ടുനൽകിയ 74 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മുന്നൂറിലധികം കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായ നിലവിലുള്ള കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വേണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്.