ആലപ്പുഴ: കൺസ്ട്രക്‌ഷൻ വർക്കേഴ്സ് ഫെ‍ഡറേഷൻ ഓഫ് ഇന്ത്യ (സിഐടിയു)വിന്റെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിർമ്മാണ തൊഴിലാളകൾ തൊഴിലിടങ്ങളിൽ നിന്ന് വിട്ടുനിന്നു.

ഇരുമ്പുപാലം പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മാർച്ചും പ്രതിഷേധ ധർണ്ണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ വൈസ് പ്രസിഡന്റ് സി.കുശൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാക്കളായ പി.പി പവനൻ, എ.പി.സോണ, ഗോപാലകൃഷ്ണൻ നായർ, എസ്.എം.ഹുസൈൻ, ജിജിമോൻ,കെ.ലാലൻ, ശ്രീഹരി തുടങ്ങിയവർനേതൃത്വം നൽകി. രാജ്യത്തെ നിർമാണമേഖലയുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായി കേന്ദ്രസർക്കാർ നിയമം കൊണ്ടുവരിക, നിർമാണത്തൊഴിലാളികളുടെ പെൻഷൻ ബാദ്ധ്യത കേന്ദ്രസർക്കാർ ഏറ്റെടുക്കുക, 1996ലെ നിർമാണത്തൊഴിലാളി ക്ഷേമനിധി സെസ്‌ നിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.