
ഹരിപ്പാട്: ഏഴ് പതിറ്റാണ്ടായി വായന വളർത്തിയ ഗ്രാമീണ വായനശാല കാടുകയറി നശിക്കുന്നു. താമല്ലാക്കൽ ജംഗ്ഷന് സമീപം ദേശീയപാതയ്ക്ക് സമീപമുള്ള താമല്ലാക്കൽ പബ്ലിക് ലൈബ്രറി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആയിരക്കണക്കിന് പുസ്തകങ്ങളും പത്രമാസികകളുമായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറി അധികൃതരുടെ അനാസ്ഥമൂലമാണ് അടഞ്ഞുകിടക്കുന്നത്.
മൂന്നുവർഷം മുമ്പുവരെ ലൈബ്രറി പ്രവർത്തിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ഭരണസമിതികൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നതോടെ ലൈബ്രറി അടച്ചുപൂട്ടി. സ്വന്തമായി വസ്തുവും അതിൽ ഇരുനില കെട്ടിടവുമുണ്ട്. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് കെട്ടിടം. ഇപ്പോൾ കെട്ടിടത്തിന് ചുറ്റും കാടുകയറി ഇഴജന്തുക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണിവിടം.
പഠനാവശ്യത്തിനായി നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കം നിരവധിപേർ നിത്യേന പുസ്തകങ്ങൾ എടുക്കാനും വായിക്കാനും ലൈബ്രറിയിൽ എത്തിയിരുന്നു. കമ്പ്യൂട്ടറും ഫർണിച്ചറും അടക്കം ലക്ഷങ്ങൾ വിലയുള്ള ഉപകരണങ്ങളെല്ലാം നശിച്ചു. നിലവിൽ ലൈബ്രറിക്ക് ഭരണസമിതിയുണ്ടെങ്കിലും പ്രവർത്തനം നടക്കുന്നില്ല. തുറന്ന് പ്രവർത്തിപ്പിക്കാൻ താലൂക്ക് ലൈബ്രറി കൗൺസിലും തയ്യാറാകുന്നില്ല. ലൈബ്രറി അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.