photo
ലോഗോ

ചേർത്തല : ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ക്ഷേമ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതി നിയമക്കുരുക്കിൽപ്പെട്ട് വീട് ലഭിക്കാത്ത നിരവധി നിരാലംബർക്ക് തുണയാകുന്നു. അഞ്ചിനാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഇതിനകം സംസ്ഥാനത്ത് വിവിധഭാഗങ്ങളിലായി നൂറിലധികം പേർക്ക് വീട് നിർമ്മിക്കാനുളള പ്രവർത്തനങ്ങൾ ആരംഭിച്ചു.

അർഹത ഉണ്ടായിട്ടും കൃത്യമായ രേഖകളില്ലാത്തതിനാൽ ലൈഫ്,പ്രധാനമന്ത്റി ആവാസ് യോജന തുടങ്ങിയ പദ്ധതികളിൽ നിന്ന് പുറത്താകുന്നവർക്കാണ് ഭവന പദ്ധതി തുണയാകുക. സ്വന്തമായി ഭൂമിയില്ലാത്തവർക്കും, ആധാരം,പട്ടയം തുടങ്ങിയവ നിയമക്കുരുക്കിൽപ്പെട്ടവർക്കുമാണ് മുൻഗണന.

ഒരു വർഷം നീണ്ടു നിൽക്കുന്ന,​ വെള്ളാപ്പള്ളി നടേശൻ - ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. ഇതിൽ പ്രധാനമാണ് ഭവന പദ്ധതി. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്​റ്റിന്റെയും കീഴിലുള്ള 127 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മിക്കവയും ഭവന നിർമ്മാണം ഏ​റ്റെടുക്കാൻ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുളള പ്രവർത്തനം തുടങ്ങി. യോഗത്തിന്റെ 138 യൂണിയനുകളും 6,​456 ശാഖകളും പോഷക സംഘടനകളും ഭവന നിർമ്മാണത്തിനാണ് മുൻഗണന നൽകുന്നത്.

ഞായറാഴ്ച ചേർത്തല എസ്.എൻ.കോളേജിൽ നടക്കുന്ന ചടങ്ങിൽ ഭവന നിർമ്മാണ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ നിർവഹിക്കും.വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യത്തിന്റെ രജതജൂബിലി എന്ന് പേരിട്ടിരിക്കുന്ന വിവിധ കർമ്മ പരിപാടികൾ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്റി പിണറായി വിജയൻ അദ്ധ്യക്ഷനാവും. സിവിൽ സർവീസ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണവും കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തും.മന്ത്രി പി. പ്രസാദ്,കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ സംസാരിക്കും. വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.