
വള്ളികുന്നം: ഐതിഹ്യങ്ങൾ ഉറങ്ങുന്ന രാമൻ ചിറയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജലസേചന വകുപ്പിൽ നിന്ന് 50 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം എം.എസ്. അരുൺകുമാർ എം.എൽ.എ നിർവഹിച്ചു. പള്ളം - ചത്തിയറ റോഡരുകിൽ നാലേക്കർ വിസ്തൃതിയിലാണ് രാമൻചിറ. പായലും ചെളിയും നീക്കം ചെയ്ത് ചിറയുടെ ആഴം കൂട്ടുക, കണ്ണഞ്ചാൽ പുഞ്ചയിലെ കൃഷിക്ക് ജലസേചനത്തിന് ലീഡിംഗ് ചാനൽ, നടപ്പാതക്കായി ബണ്ട്, കിഴക്കുഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ച് പിച്ചിംഗ്, കടവുകൾ എന്നവയുടെ നിർമ്മാണം, കയർ ഭൂവസ്ത്രം വിരിക്കൽ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ചിറയുടെ അരികിലുള്ള കുടിവെള്ള പദ്ധതിയുടെ കുഴൽക്കിണറിൽ നിന്നു നേരിട്ട് പമ്പ് ചെയ്താണ് വള്ളിക്കുന്നത്തിന്റെ കിഴക്കൻ മേഖലയിൽ കുടിവെള്ളം എത്തിക്കുന്നത്.
ചിറ ഇപ്പോൾ പായലും മാലിന്യങ്ങളും നിറഞ്ഞ സ്ഥിതിയിലാണ്. 2019 ൽ പദ്ധതി ടെൻഡർ ചെയ്ത് കരാറുകാരനെ ഏൽപ്പിച്ചിരുന്നു.കരാറുകാരന്റെ അനാസ്ഥ മൂലമായിരുന്നു പണി വൈകിയത് 'കേരളകൗമുദി" നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ചിറയുടെ വടക്ക് ഭാഗത്ത് കിഴക്കുപടിഞ്ഞാറായി നടപ്പാത, ബണ്ട്, കിഴക്ക് ഭാഗത്ത് മോടി കൂട്ടാനായി കടവ് തുടങ്ങിയവയും ലക്ഷ്യമിടുന്നു.25 വർഷത്തിലേറെയായി ജനങ്ങളുടെ ആവശ്യമായിരുന്നു രാമൻ ചിറയുടെ പുനരുദ്ധാരണം.രാമൻചിറ ടൂറിസം പദ്ധതിയും വള്ളികുന്നം ചിറ ടൂറിസം പദ്ധതിയും യാഥാർത്ഥ്യമാകുന്നതോടെ വള്ളികുന്നം ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കും. ചടങ്ങിൽ വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി , മുൻ എം.എൽ.എ ആർ.രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കോമളൻ, ജെ.രവീന്ദ്രനാഥ്, മോഹൻകുമാർ, രവി, ഗോപി ,അർച്ചന പ്രകാശ്, ത്രിദീപ് കുമാർ, നീതു കെ.അസൈനാർ തുടങ്ങിയവർ പങ്കെടുത്തു.