മാവേലിക്കര : കണ്ടിയൂർ കുരുവിക്കാട്ട് ബൈക്കുകളിലെത്തിയ സംഘം വീടിന് നേരേ ആക്രമണം നടത്തി. കുരുവിക്കാട് ഉദയമ്പുറത്ത് രമണന്റെ വീടിന് നേരേയാണ് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെ രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘം ആക്രമണംനടത്തിയത്. വാതിലിൽ ശക്തമായി ഇടിച്ചതായി വീട്ടുകാർ പറഞ്ഞു. തുടർന്ന് വീടിന്റെ ജനാലകളുടെ ഗ്ലാസ് കല്ലെറിഞ്ഞു തകർത്തു. വീട്ടുമുറ്റത്തിരുന്ന സൈക്കിൾ തകർത്തു. സംഭവ സമയം രമണനും ഭാര്യ നിർമലയും മകൾ രമിതയും അമ്മൂമ്മ അമ്മിണിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആക്രമണം കഴിഞ്ഞ് മടങ്ങിയ അക്രമികളുടെ ബൈക്കുകളുടെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്ന് പരിസരത്തെ വീടുകളുടെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലായി. പൊലീസ് അന്വേഷണം ആരംഭിച്ചു.