കുട്ടനാട് : രാമങ്കരി കൃഷിഭവന് കീഴിലെ കോയൽവട്ടത്തുശ്ശേരി (മണലുംഭാഗം) പാടശേഖരത്തെ മട കുത്തുന്നതും കൃഷിയിറക്കുന്നതും വൈകിയതിനെത്തുടർന്ന് പ്രദേശവാസികൾ ദുരിതത്തിൽ. കനത്തമഴയേയും വെള്ളപ്പൊക്കത്തേയും തുടർന്ന് ഒന്നരമാസം മുമ്പാണ് രാമങ്കരി സെന്റ് ജോസഫ് പള്ളിക്ക് കിഴക്കുവശത്തെ ബണ്ടിൽ മൂന്ന് മീറ്ററിലേറെ ദൂരത്തിൽ മടവീണത്.

കോൺക്രീറ്റ് ചെയ്തിരുന്ന ബണ്ട് മടവീണു തക‌ർന്നതോടെ പ്രദേശവാസികളായ നൂറ് കണക്കിന് ആളുകൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വാഹനസഞ്ചാരം തടസപ്പെട്ടെന്ന് മാത്രമല്ല, ചുറ്റുമുള്ള പുരയിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞിട്ട് ഏറെ നാളുകളായി. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കൃഷിഭവന് മുന്നിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.