lokame-tharavadu

ആലപ്പുഴ: ലോക ടൂറിസം ഭൂപടത്തിൽ ആലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തിന് അധിക മുതൽക്കൂട്ടാവുകയാണ് 'ലോകമേ തറവാട്' കലാ പ്രദർശനം. ഏപ്രിൽ 18ന് കൊച്ചി ബിനാലെ ടൂറിസം വകുപ്പുമായി സഹകരിച്ച് തുടങ്ങിയ പ്ര‌ദർശനത്തിൽ രണ്ടരക്കോടി രൂപയുടെ കലാസൃഷ്ടികൾ വിറ്റുപോയി. ഈ മാസം 31വരെ പ്രദർശനമുണ്ടാകും. 15000 രൂപ മുതൽ 28 ലക്ഷത്തിന് വരെ വിറ്റുപോയ ചിത്രങ്ങളുണ്ട്. ഒട്ടേറെപ്പേർ നിത്യേന വന്നുപോകുന്നു.

15 രാജ്യങ്ങളിൽ നിന്നുള്ള 267 കലാകാരുടെ മൂവായിരത്തിലധികം സൃഷ്ടികളാണ് നഗരത്തിലെ ഏഴ് വേദികളിലായി ഒരുക്കിയിരിക്കുന്നത്. ആർട്ട് ഗാലറികളോ, ചിത്രകലാസ്റ്റുഡിയോകളോ കൊണ്ട് സമ്പന്നമല്ലാത്ത ആലപ്പുഴയെ വള്ളത്തോൾ നാരായണമേനോന്റെ ''ലോകമേ തറവാട്'' എന്ന ആശയത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ വഹിച്ചിരിക്കുന്നത്. ബോസ് കൃഷ്ണമാചാരിയാണ് ക്യൂറേറ്റർ.

മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും രൂപങ്ങൾ കല്ലിലും തടിയിലും മനോഹരമായി പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അടിച്ചമർത്തലിന്റെയും സ്വാതന്ത്ര്യത്തിന്റെയും അടയാളങ്ങൾ വിളിച്ചോതി ശില്പ ഇൻസ്റ്റലേഷനുകൾ, കല്ലും, മണ്ണും തടിയും തുണിയും എന്നുവേണ്ട മുടിയിഴകൾ പോലുമുപയോഗിച്ച് സൃഷ്ടിച്ച കലാരൂപങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്.

ഏഴ് വേദികൾ

കയർ കോർപ്പറേഷന്റെ രണ്ട് ഗോഡൗണുകൾ, ന്യൂ മോഡൽ കയർ സൊസൈറ്റിയിലെ രണ്ട് വേദികൾ, വില്യം ഗുഡേക്കർ കമ്പനി, പോർട്ട് മ്യൂസിയം, ഈസ്റ്റേൺ പ്രൊഡ്യൂസ് കമ്പനി

പ്രദർശനം

 6 ലക്ഷം സ്ക്വയർ ഫീറ്റിൽ. വാൾ ഡിസ്പേ മാത്രം 1.5 ലക്ഷം സ്ക്വയർ ഫീറ്റ്

 267 ആർട്ടിസ്റ്റുകൾ. ഇവരിൽ 56 വനിതകൾ, 16 വിദേശികൾ

"പൈതൃകത്തിനും വിനോദസഞ്ചാരത്തിനുമൊപ്പം കലയെയും സംയോജിച്ചപ്പോൾ ആലപ്പുഴ ഇന്ന് എല്ലാ നാട്ടിൽ നിന്നുമുള്ള കലാകാരന്മാർക്കും വീടായിമാറി"

- ആന്റോ ജോർജ്, ആർട്ടിസ്റ്റ്