vellapali

പുരോഗമന പ്രസ്ഥാനങ്ങളുമായി എന്നും അടുപ്പമുള്ളയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നല്ല പ്രായോഗിക ബുദ്ധിയുണ്ട് അദ്ദേഹത്തിന്. ആർ. ശങ്കറിന് ശേഷമുള്ള കാലഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് വെള്ളാപ്പള്ളി നടേശനാണ്മുൻകാലത്തെ ചില യോഗം നേതാക്കളെപ്പോലെ രാഷ്ട്രീയക്കാരനല്ലെന്ന പ്രത്യേകതയുമുണ്ട്. സമുദായ പ്രവർത്തനത്തിൽ മാത്രമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. എക്കാലത്തും ശരിയായ നിലപാടുകളോടൊപ്പമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും യാേഗനേതൃത്വ രജതജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹത്തെ ആദരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും നല്ലനിലയിൽ കൊണ്ടുപോകാനും വെള്ളാപ്പള്ളി നടേശന് കഴിയുന്നു. അദ്ദേഹത്തിന് പൊതുസമൂഹത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത് അദ്ദേഹം ധീരമായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്തതാണ്. ഗുരുസന്ദേശം ജനങ്ങൾക്കിടയിൽ പ്രധാനമായും പ്രചരിപ്പിച്ചത് എസ്.എൻ.ഡി.പി യോഗമാണ്. ഇന്നത്തെ അന്തരീക്ഷത്തിൽ ഗുരുദേവ സന്ദേശങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ഗുരുദേവന്റെ നാമത്തിൽ ഓപ്പൺ സർവകലാശാല ആരംഭിച്ചത് എൽ.ഡി.എഫ് സർക്കാരാണ്. അത് എത്രയോ മുൻപേ വരേണ്ടതായിരുന്നു.ഒരു പ്രസംഗത്തിന്റെ പേരിൽ യു.ഡി.എഫ് സർക്കാർ എന്നെ കള്ളക്കേസിൽപ്പെടുത്തി ജയിലിലടച്ച കാലത്ത് എന്നെ പിന്തുണയ്ക്കാൻ പാർട്ടിക്ക് പുറമെ ഒരാളെ ഉണ്ടായിരുന്നുള്ളൂ, വെള്ളാപ്പള്ളി നടേശൻ. ഇന്ന് സ്‌നേഹവും ആദരവും കാണിക്കുന്നവർ അന്ന് മിണ്ടിയില്ല. ഇപ്പോൾ സ്‌നേഹം കാണിക്കുന്നതിന് പിന്നിൽ കാരണമുണ്ട്. അത് മന്ത്രിയും എം.എൽ.എയുമൊക്കെയായി പുതിയ മാനം വന്നതുകൊണ്ടാണ്. യോഗം സംഘടനാ പ്രശ്നങ്ങളില്ലാതെ പോകുന്നത് അദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. പ്രതിസന്ധികളെ അദ്ദേഹം ഭംഗിയായി തരണം ചെയ്തു. അതുകൊണ്ടാണ് യോഗത്തിന്റെ ചരിത്രത്തിലാദ്യമായി 25 വർഷക്കാലം ഭാരവാഹിയായി ഇരിക്കാൻ കഴിഞ്ഞത്.

എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ നേതാക്കളുമായും നല്ല ബന്ധമായിരുന്ന ആർ. ശങ്കർ, യോഗത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ആർ. ശങ്കറിന് അധികാരം നഷ്ടമാകാൻ കാരണം തന്നെ എസ്.എൻ.ഡി.പി യോഗത്തിന് കൂടുതൽ കോളേജുകൾ അനുവദിച്ചതാണ്. ഞാൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ എന്റെ സമുദായത്തെ പരിഗണിക്കാതിരിക്കാൻ പറ്റുമോയെന്നാണ് അദ്ദേഹം ചോദിച്ചത്. കെ.ആർ. നാരായണനും മികച്ച സംഭാവന നൽകി. അതിനുശേഷം വെള്ളാപ്പള്ളി നടേശൻ തന്നെയാണ് നിർണായക സംഭവനകൾ നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹം നല്ല പിന്തുണ നൽകി. എൽ.ഡി.എഫ് സർക്കാരിനും നല്ല പിന്തുണ നൽകുന്നു. അദ്ദേഹത്തിന് കൃത്യമായ നിലപാടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യോഗം ജനറൽ സെക്രട്ടറിയുടെ സഹായം കിട്ടിയതുകൊണ്ട് കൂടിയാണ് ഇത്ര വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞത്.
ചെറുപ്പത്തിൽ ശാഖാ പ്രവർത്തകനായിരുന്ന ഞാൻ യോഗം പ്രവർത്തകരുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് യോഗം ജനറൽ സെക്രട്ടറിയെ പരിചയപ്പെട്ടത്. കുഞ്ചിത്തണ്ണി ശാഖയിൽ വെള്ളാപ്പള്ളി നടേശൻ പങ്കെടുത്ത പരിപാടിയിൽ ഞാനും പ്രസംഗിച്ചിരുന്നു. യോഗം ജനറൽ സെക്രട്ടറിയുമായുള്ള ബന്ധം അങ്ങനെ സുദൃഢമാവുകയായിരുന്നു. മന്ത്രിസഭാ രൂപീകരണ കാലത്ത് ശൈലജ ടീച്ചറെ മന്ത്രിയാക്കാതിരുന്നതിനെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ അഭിപ്രായം ചോദിച്ചപ്പോൾ മികച്ച പ്രവർത്തനം കാഴ്ചവച്ച എം.എം. മണിയെ മന്ത്രിയാക്കാത്തതിനെ കുറിച്ച് എന്താണ് ഒന്നും പറയാത്തതെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈഴവ സമുദായത്തിന് എക്കാലവും ഒരു കുഴപ്പമുണ്ട്. എന്ത് നല്ല കാര്യം ചെയ്താലും ഒരു വിഭാഗം എതിർക്കും. ആരാധ്യനായ മഹാകവി കുമാരനാശാൻ പണിയിപ്പിച്ച കെട്ടിടം, മോഷണം നടത്തിയിട്ടുണ്ടോ എന്നറിയാൻ കുത്തിപ്പൊളിച്ച് നോക്കിയ ആളുകളുള്ള സമുദായമാണിത്. ശിവഗിരിയിലും ഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്തും സംസാരിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഗുരുദേവൻ മനുഷ്യസമൂഹത്തിന്റെ ആകെ കാര്യങ്ങളാണ് പറഞ്ഞത്. ഗുരുദേവനെ ഒരു സമുദായത്തിന്റെ ആളാക്കാൻ ശ്രമം നടന്നു. അന്ന് വേണ്ട പരിഗണന സമൂഹം അദ്ദേഹത്തിന് നൽകിയതുമില്ല. ഇപ്പോൾ അതെല്ലാം മാറി. ലോകം മുഴുവൻ അംഗീകരിക്കുന്ന ആചാര്യനായി ഗുരു മാറി.
എല്ലാ ക്ഷേത്രങ്ങളിലും അധഃസ്ഥിതർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കാലത്ത് ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തി. ജഗന്നാഥ ക്ഷേത്രത്തിലും കളവങ്കോടത്തും ഉല്ലലയിലും തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടന്നു. പിന്നീട് ഇനി ക്ഷേത്രങ്ങളല്ല വിദ്യാക്ഷേത്രങ്ങളാണ് വേണ്ടതെന്ന് പറഞ്ഞ് വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഗുരുദേവൻ എടുത്തു കാട്ടി.

കോട്ടയം കിടങ്ങൂരായിരുന്നു എന്റെ ജനനം. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ അച്ഛനെ ഇടുക്കിയിലേക്ക് ക്ഷണിച്ചു. അങ്ങനെ എനിക്ക് 11 വയസുള്ളപ്പോഴാണ് ഇടുക്കിയിലേക്ക് വന്നത്. അച്ഛന് ഹിന്ദു ആചാരങ്ങൾ നന്നായി അറിയാമായിരുന്നു. അച്ഛൻ പല ക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. മുല്ലക്കാനം, മുത്തുക്കാട് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തിയത് അച്ഛനാണ്. കുട്ടിക്കാലത്ത് തന്നെ ഞാൻ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രവർത്തനങ്ങളുടെ ഭാഗമായി. ശാഖാ കമ്മിറ്റിയിൽ ഞാൻ ഒരുപാട് കാലം പ്രവർത്തിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനുഭാവിയുമായിരുന്നു. പാർട്ടിയിൽ സജീവമായപ്പോഴാണ് യോഗം പ്രവർത്തനത്തിൽ നിന്ന് ഒഴിവായത്. പക്ഷേ യോഗവുമായി എല്ലാക്കാലവും സഹകരിച്ചാണ് പോന്നിട്ടുള്ളത്. എന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ട്. ഇനിയും സഹകരിക്കും.


(ലേഖകൻ വൈദ്യുതിവകുപ്പ് മുൻ മന്ത്രിയാണ് )