
അമ്പലപ്പുഴ: സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകരെ അവഗണിക്കുകയാണെന്നാരോപിച്ച് കെ.ജി.എം.സി.ടി.എ യുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പഠനനിഷേധ ജാഥയും നടത്തി. കഴിഞ്ഞ വർഷം പുറത്തിറക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഇല്ലാതാക്കുന്നതിനും, എൻട്രി കേഡർ തലത്തിലുള്ള അപാകതകൾ പരിഹരിക്കുന്നതിനുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ‘മിനിറ്റെഡ് മീറ്റിംഗ്’ നടത്തണമെന്ന് കെ.ജി.എം.സി.ടി.എ നവംബർ പതിനാറാം തീയതി ആവശ്യപ്പെട്ടിരുന്നു.
അനുകൂലനടപടികൾ ഉണ്ടാകാത്ത പക്ഷം ഡിസംബർ ഒന്നുമുതൽ സമരരംഗത്തേക്ക് ഇറങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ലാത്തതിനാൽ മുൻനിശ്ചയിച്ച പ്രകാരം കെ.ജി.എം.സി.ടി.എ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇന്നലെ പ്രിൻസിപ്പൽ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണയും പഠന നിഷേധ ജാഥയും നടത്തി. സർക്കാരിന്റെ അവഗണനയോടുള്ള പ്രതിഷേധ സൂചകമായി സ്വയം പഠനം അവസാനിപ്പിക്കുന്നതിന്റെ പ്രതീകാത്മകമായി അദ്ധ്യാപകർ മെഡിക്കൽ പഠനപുസ്തകങ്ങൾ പ്രിൻസിപ്പലിനെ തിരിച്ചേൽപ്പിച്ചു. കെ.ജി.എം.സി.ടി.എ സംസ്ഥാനസെക്രട്ടറി ഡോ .നിർമ്മൽ ഭാസ്കർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഡോ പി.എസ്.സജയ്, കേന്ദ്ര നിർവാഹക സമിതി അംഗം ഡോ പി.എസ്.ഷാജഹാൻ, ഡോ. എം.കാർത്തിക, ഡോ.തോമസ് കോശി എന്നിവർ പുസ്തകങ്ങൾ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ സൈറു ഫിലിപ്പിന് കൈമാറി.