
അമ്പലപ്പുഴ: കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കൂട്ടാക്കാത്ത ജില്ലയിലെ അദ്ധ്യാപകരെ പുറത്താക്കാൻ വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ ആവശ്യപ്പെട്ടു. വാക്സിനിൽ മതം കലർത്തുന്ന അദ്ധ്യാപകരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അമ്പലപ്പുഴ എ.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഇതുവരെ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്ത 55 അദ്ധ്യാപകരാണുള്ളത്. ഇത് രാജ്യത്തോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണ്. മോദി സർക്കാർ ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്കും വാക്സിൻ സൗജന്യമായി നൽകിയപ്പോൾ കേരളം വാക്സിന്റെ പേരിൽ കോടികളാണ് പിരിച്ചെടുത്തത്. ഇതിന്റെ കണക്ക് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. ബാബുരാജ് അദ്ധ്യക്ഷനായി. ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെൽ കോ ഓഡിനേറ്റർ അരുൺ അനിരുദ്ധൻ, വി. ശ്രീജിത്ത്, അഡ്വ. കെ.വി. ഗണേഷ് കുമാർ, അജു പാർത്ഥസാരഥി, സന്ധ്യ സുരേഷ്, എസ്. ഗോപകുമാർ, അനിൽ പാഞ്ചജന്യം, എ.ആർ. ഹരികൃഷ്ണൻ, എം.ഡി. സിബിലാൽ, ജ്യോതി ലക്ഷ്മി, എസ്. രമണൻ, രേണുക ശ്രീകുമാർ, പ്രസാദ് ഗോകുലം, രജിത്ത് രമേശൻ തുടങ്ങിയവർ സംസാരിച്ചു.