തുറവൂർ: ചാവടി - പള്ളിത്തോട് റോഡിൽ അപകടമേഖലയായ പള്ളിക്കച്ചിറ ശ്മശാനം വളവിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ഗാർഡിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തിയ്ക്ക് വേണ്ടി നീക്കം ചെയ്തതായി പരാതി. മുൻകാലങ്ങളിൽ 4 പേരുടെ ജീവൻ പൊലിഞ്ഞ വളവിലെ സംരക്ഷണ വേലിയാണ് നിർമ്മിച്ചതിന്റെ പിറ്റേ ദിവസം അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് വെട്ടിപ്പൊളിച്ചത്.
തുറവൂർ കരിയുടെ മദ്ധ്യത്തിലൂടെയാണ് റോഡ് കടന്നു പോകുന്നത്. റോഡിലെ വളവും അപകടക്കെണിയും അറിയാതെ കടന്ന് വരുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ നിയന്ത്രണം തെറ്റി സമീപത്തെ വയലിലേക്ക് വീണ് അപകടം പതിവായിരുന്നു. രാവും പകലും അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ മന്ത്രി മുഹമ്മദ് റിയാസിന് നൽകിയ പരാതിയെത്തുടർന്നാണ് സംരക്ഷണ വേലി കഴിഞ്ഞയിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചത്.എന്നാൽ തൊട്ടടുത്ത സ്ഥലമുടമയുടെ പരാതിയുടെ പേരിൽ 4 മീറ്ററോളം വീതിയിൽ സ്ഥലം ഒഴിവാക്കിയാണ് അധികൃതർ ക്രാഷ് ഗാർഡ് ടസ്ഥാപിച്ചിരിക്കുന്നത്.
റോഡിന്റെ അരികിൽ പാടശേഖരത്ത് തെങ്ങിൻ തൈകൾ വച്ച് പിടിപ്പിച്ച ചിറയ്ക്ക് വേണ്ടിയാണ് ക്രാഷ് ഗാർഡ് നീക്കം ചെയ്തത്. വീടുകളോ മറ്റ് സ്ഥാപനങ്ങളോ വീടുകളിലേക്ക് ഉള്ള നടവഴിയോ ഇവിടെ ഇല്ല. അപകടമേഖലയിൽ മുഴുവൻ ഭാഗത്തും ക്രാഷ് ഗാർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കെ.പി.എം.എസ്. 1040-ാം നമ്പർ ബ്രാഞ്ച് ഭാരവാഹികൾ പ്രതിക്ഷേധ സമരം നടത്തി.ശാഖാ പ്രസിഡൻറ് കെ.പ്രസന്നൻ, സെക്രട്ടറി എസ്.സജേഷ്, ട്രഷറർ കെ.അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.