mechine

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മിഷനിംഗ് തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ നടന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ഐ. രാജീവിന്റെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.

കമ്മിഷനിംഗ് നടത്തി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റിയ 116 വോട്ടിംഗ് യന്ത്രങ്ങളിൽ 93 എണ്ണമാണ് വോട്ടെടുപ്പിന് ഉപയോഗിക്കുക. 20 ശതമാനം യന്ത്രങ്ങൾ കരുതൽ ശേഖരത്തിൽ വയ്ക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ, അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ തുടങ്ങിയവർ പങ്കാളികളായി.

ആറാം തീയതിയാണ് വോട്ടിംഗ് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം. 7ന് വോട്ടെടുപ്പ് നടക്കും.

അരൂർ, കുത്തിയതോട്, എഴുപുന്ന, കോടംതുരുത്, തുറവൂർ പഞ്ചായത്തുകളിലായി 52 വാർഡുകളിലെ 67,070 വോട്ടർമാരാണ് ജില്ലാ പഞ്ചായത്ത് ആരൂർ ഡിവിഷനിലുള്ളത്.