
ആലപ്പുഴ: പ്രോജക്ട് അവസാനിച്ചെന്ന പേരിൽ അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്ന എൻ.ടി.പി.സി കായംകുളം കേന്ദ്ര വിദ്യാലയം അടക്കം രാജ്യത്തെ 14 കേന്ദ്ര വിദ്യാലയങ്ങളും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് എ.എം.ആരിഫ് എം.പി ലോക് സഭയിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപിത നയമുള്ളപ്പോഴാണ് 14 കേന്ദ്രീയ വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. കേന്ദ്രസർക്കാർ കേന്ദ്രീയ വിദ്യാലയങ്ങൾ ഏറ്റെടുത്താൽ കെട്ടിട നിർമ്മാണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ചെലവഴിക്കേണ്ടി വരുന്ന തുക ലാഭിക്കാൻ കഴിയുമെന്നും ഈ വിദ്യാലയങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാൻ കഴിയുമെന്നും എം.പി പറഞ്ഞു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടുന്ന പാർലമെന്റ് അംഗങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും വിദ്യാലയങ്ങൾ നിലനിറുത്താൻ നടപടി കൈക്കൊള്ളുമെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു.