atm

അമ്പലപ്പുഴ: കരുമാടിയിൽ ബാങ്ക് എ.ടി.എം കൗണ്ടർ തുറക്കണമെന്ന് ആമയിട ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമിതി യോഗം ആവശ്യപ്പെട്ടു. ആഴ്ചതോറുമുള്ള പാൽ വില ക്ഷീരകർഷകരുടെ ബാങ്ക് അക്കൗണ്ടിൽ കൂടി നൽകണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ക്ഷീര കർഷകർക്ക് പാൽവില എളുപ്പം എടുക്കുന്നതിന് കരുമാടിയിൽ എ.ടി.എം കൗണ്ടർ അനിവാര്യമാണ്. ഇപ്പോൾ മൂന്നു കിലോമീറ്റർ അകലെ അമ്പലപ്പുഴയിലും നാല് കിലോമീറ്റർ അകലെ തകഴിയിലുമാണ് എ.ടി.എം കൗണ്ടറുള്ളത്. ഈ ആവശ്യമുന്നയിച്ച് ലീഡ് ബാങ്ക് മാനേജർക്കും വിവിധ ബാങ്ക് മാനേജർമാർക്കും അപേക്ഷ നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് കരുമാടി മുരളി അദ്ധ്യക്ഷനായി. തോമസ് ജോസഫ്, എൻ. പുരുഷോത്തമൻ നായർ, സി. സുരേന്ദ്രൻ, നാരായണൻ നമ്പൂതിരി, ഒ. ഓമന, നിർമ്മല നായർ, സുകുമാരിഅമ്മ, എം. രാജേഷ് എന്നിവർ സംസാരിച്ചു.