പൂച്ചാക്കൽ: അരൂർ - അരൂക്കുറ്റി പാലത്തിലെ അരൂർ ഇറക്കത്തിൽ രാത്രി സമയങ്ങളിലെ അസാധാരണ ശബ്ദത്തിൽ ദുരൂഹതയേറുന്നു. വാഹനത്തിൽ നിന്ന് എന്തെങ്കിലും പുറത്തേക്ക് വീഴുന്ന തരത്തിലാണ് ശബ്ദം. പാലത്തിന് താഴെ തസ്കര സംഘം തൂണുകളിൽ ചെറിയ ഇരുമ്പുചങ്ങല കെട്ടി വലിക്കുന്നത് കണ്ടവരുണ്ട്. യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് ആക്രമണം നടത്തി കവർച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യം.
രക്തം പുരണ്ട തുണികൾ റോഡിലിട്ടും ഇവർ യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ശബ്ദം എന്താണെന്നറിയാൻ ഇറങ്ങുമ്പോൾ ആക്രമണം നടത്തുകയാണ് ലക്ഷ്യം. പൊലീസിന്റെ രാത്രികാല പരിശോധന ശക്തമല്ലെന്ന് നാട്ടുകാർ പറയുന്നു.
ആഴ്ചകളോളം പാലത്തിലെ വിളക്കുകൾ തെളിയാതെ കിടന്നതും പാലത്തിന്റെ ഇറക്കത്തിൽ റോഡ് തകർന്നുകിടക്കുന്നതും ഇത്തരക്കാർക്ക് സൗകര്യമായി. വർഷങ്ങൾക്ക് മുമ്പ് പാലത്തിന്റെ അരൂക്കുറ്റിയുടെ ഇറക്കത്തിൽ നിർമ്മിച്ച പൊലീസ് എയ്ഡ് പോസ്റ്റ് ഇപ്പോഴും നോക്കുകുത്തിയാണ്.