
ചേർത്തല: ജില്ലാ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മുഹമ്മ എ.ബി വിലാസം സ്‌കൂളിന്റെ അഭിമാനമുയർത്തി പെൺകൊടികൾ. സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച മൂന്നു താരങ്ങൾ രണ്ട് സ്വർണവും വെള്ളിയും നേടിയതോടെ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്‌കൂൾ റണ്ണർ അപ്പായി.
എം.ആർ.ആശംസ 57 കിലോയിൽ സ്വർണം നേടിയതു കൂടാതെ ബെസ്റ്റ് ലിഫ്റ്ററായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.മുഹമ്മ ഏഴാം വാർഡിൽ ആര്യക്കര മൂപ്പൻ പറമ്പിൽ രാജി-രേഖ ദമ്പതികളുടെ മകളാണ് ആശംസ. മുഹമ്മ ഏഴാം വാർഡ് തോട്ടുങ്കൽ ജോയിയുടെയും ദീപയുടെയും മകൾ അഭിന ജോയി 63 കിലോയിലാണ് സ്വർണം നേടിയത്.
മുഹമ്മ പതിമൂന്നാം വാർഡിൽ കൊല്ലംവെളി ധർമ്മജി-അമ്പിളി ദമ്പതികളുടെ മകൾ ഡി.ആർച്ച 52 കിലോയിൽ വെള്ളിയും കരസ്ഥമാക്കി. സ്‌കൂളിലെ എ.ബി വിലാസം ജിംനേഷ്യത്തിൽ കായികാദ്ധ്യാപകൻ വി.സവിനയന്റെ ശിക്ഷണത്തിലാണ് ഇവരുടെ പരിശീലനം.