മാവേലിക്കര: സപ്ലൈകോ താൽക്കാലിക ജീവനക്കാരെ ജോലിക്ക് കയറ്റാതെ വെയിലത്ത് നിർത്തിയതിൽ പ്രതിഷേധിച്ചു സപ്ലെകോ വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു.സി പുതിയകാവ് സപ്ലെകോ ബ്രാഞ്ചിനു മുന്നിൽ സമരം നടത്തി. പുതിയകാവ് സപ്ലെകോ സൂപ്പർ മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരായ പ്രമീള, ലീലാമ്മ എന്നിവരെയാണ് മാനേജർ വ്യാഴാഴ്ച വൈകുന്നേരം വരെ വെയിലത്ത് നിർത്തിയത്. ജോലിക്ക് എത്തിയ ഇവരോട് സപ്ലെകോയുടെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയതിനാൽ ഇവിടെ ജോലി ചെയ്യേണ്ട എന്നു പറഞ്ഞാണ് ജോലിക്ക് കയറ്റാതെ പുറത്ത് നിർത്തിയതെന്ന് തൊഴിലാളികൾ പറയുന്നു. തുടർന്നാണ് വെള്ളിയാഴ്ച സപ്ലെകോ ജീവനക്കാർ സമരവുമായി എത്തിയത്.
മറ്റ് ബ്രാഞ്ചുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉത്തരവ് തൊഴിലാളികൾക്ക് നൽകിയിട്ടില്ലെന്നും കൃത്യമായ ഉത്തരവ് ലഭിക്കാതെ പുറത്ത് നിർത്തിയത് അംഗീകരിക്കാനാവില്ലെന്നും സപ്ലെകോ വർക്കേഴ്സ് യൂണിയൻ നേതാക്കൾ പറഞ്ഞു. എന്നാൽ തൊഴിലാളികളെ വിവിധ ബ്രാഞ്ചുകളിലേക്ക് മാറ്റുന്നത് സർക്കാർ ഉത്തരവിൻ പ്രകാരമാണെന്നും മറ്റ് ബ്രാഞ്ചുകളിലെ തൊഴിലാളികളെ ഇത്തരത്തിൽ മാറ്റിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.
സമരത്തെ തുടർന്ന് താലൂക്കിലെ സപ്ലെകോ ബ്രാഞ്ചുകൾ അടച്ചിടാൻ മേഖല മാനേജർ ഉത്തരവിട്ടത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് സ്ഥലത്തെത്തിയ റീജീയണൽ മാനേജരുമായി നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്ന് വൈകിട്ടാണ് സമരം അവസാനിപ്പിച്ചത്.