തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പരമാവധി വോട്ടർമാരെ നേരിട്ടു കണ്ട് വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് മുന്നണി സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശൻ ഇന്നലെ രാവിലെ എരമല്ലൂർ കോലത്തുശ്ശേരി, കോവിലകം എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ചാണ് വോട്ടഭ്യർത്ഥന ആരംഭിച്ചത്. തുടർന്ന് അരൂരിലെ പീലിംഗ് ഷെഡുകളും ക ടകമ്പോളങ്ങളും സന്ദർശിച്ചു വോട്ട് തേടി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഉമേശൻ രണ്ട് ദിവസം നീളുന്ന തിരഞ്ഞെടുപ്പ് പര്യടനത്തിന് ഇന്നലെ രാവിലെ തുടക്കമിട്ടു. തുറവൂർ പുത്തൻകാവിൽ നിന്നാരംഭിച്ച പര്യടനത്തിൽ മുൻ എം.എൽ.എ. ഷാനിമോൾ ഉസ്മാനും ഒപ്പം ചേർന്നു. 25 വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി സ്വീകരണങ്ങളേറ്റു വാങ്ങി. എൻ.ഡി.എ സ്ഥാനാർഥി കെ.എം. മണിലാൽ തുറവൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങളും സന്ദർശിച്ചു വോട്ട് അഭ്യർഥിച്ചു.തുടർന്ന് എരമല്ലൂരിലെ കാക്കത്തുരുത്ത് ദ്വീപിൽ പ്രവർത്തകരുമായെത്തി വോട്ട് തേടിയ ശേഷം തുറവൂർ പഞ്ചായത്തിലെ വിവിധ ബൂത്തുകളിൽ നടന്ന സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുത്തു.