ചേർത്തല: നഗരസഭ 19-ാം വാർഡിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. മതിലകം കൊല്ലേരി പടിഞ്ഞാറേപുറം ശങ്കരൻകുട്ടി(65), 20-ാം വാർഡിൽ കുന്നേവെളിയിൽ ശോഭന(60)എന്നിവർക്കാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിനിടെ റോഡിൽ വീണ് 19-ാം വാർഡ് പുത്തൻപറമ്പിൽ അഗസ്റ്റിന്റെ ഭാര്യ അന്നമ്മ(തങ്കമ്മ-68)യ്ക്ക് ഇടുപ്പെല്ലിന് പൊട്ടലുണ്ടായി. അന്നമ്മയ്ക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ആഴത്തിൽ മുറിവേറ്റ ശങ്കരൻകുട്ടിയും ശോഭനയും മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പേ പിടിച്ച ലക്ഷണങ്ങളോടെയായിരുന്നു നായയുടെ വരവെന്ന് പ്രദേശവാസികൾ പറഞ്ഞു.