
ആലപ്പുഴ: ഇന്റർസിറ്റി ട്രെയിനിൽ കുഴഞ്ഞുവീണ എറണാകുളം സ്വദേശിക്ക് തുണയായത് സിവിൽ ഡിഫൻസ് വോളണ്ടിയർ. കരുനാഗപ്പള്ളി സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രക്കാരനായ വൃദ്ധൻ കുഴഞ്ഞുവീഴുകയായിരുന്നു. ട്രെയിനിലുണ്ടായിരുന്ന ആലപ്പുഴ യൂണിറ്റിലെ സിവിൽ ഡിഫൻസ് വോളണ്ടിയർ സുനിത മഹേഷ് ഫസ്റ്റ് എയ്ഡ് നൽകുകയും ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കൊമേഴ്ഷ്യൽ മാനേജർ എൽ. രാഖിയെ വിവരം അറിയിക്കുകയുമായിരുന്നു.
രാഖി തിരുവനന്തപുരം സ്റ്റേഷനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ 9ഓടെ ട്രെയിൻ കൊല്ലത്തെത്തിയപ്പോൾ ആർ.പി.എഫും മെഡിക്കൽ ടീമുമെത്തി എറണാകുളം ഞാറയ്ക്കൽ പെരുമ്പള്ളി കുരീപറമ്പ് റോഡിൽ നികത്തിൽ വീട്ടിൽ ശിവദാസിനെ (62) റെയിൽവേ ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു സുനിത. എറണാകുളത്ത് നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തി നിർമ്മാല്യ ദർശനം കഴിഞ്ഞ് ട്രെയിനിൽ എറണാകുളത്തേക്ക് വരവെ ബി.പി കുറഞ്ഞ് മയങ്ങിപ്പോയതിനാൽ എറണാകുളത്തിറങ്ങാനായില്ലെന്ന് ശിവദാസ് ഡോക്ടർമാരോട് പറഞ്ഞു. സുഖം പ്രാപിച്ച ശിവദാസ് വൈകിട്ടോടെ എറണാകുളത്തേക്ക് മടങ്ങി. ആറുമാസം മുമ്പ് ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നിരുന്നതായും പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു.
""
സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്ക് നൽകുന്ന പരിശീലനം ലഭിച്ചതുകൊണ്ടാണ് തനിക്ക് ഫസ്റ്റ് എയ്ഡ് ചികിത്സ നൽകാൻ സാധിച്ചത്. ശിവദാസിന്റെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ട്.
സുനിത മഹേഷ്
സിവിൽ ഡിഫൻസ് വോളണ്ടിയർ