v

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി-എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കും ഇന്ന് തുടക്കമാകും.

ചേർത്തല എസ്.എൻ കോളേജിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വൈകിട്ട് നാലിന് യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഭദ്രദീപം തെളിക്കും. രജതജൂബിലി ആഘോഷങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണവും കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണവും നടത്തും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സിവിൽ സർവീസ് ട്രെയിനിംഗ് പദ്ധതിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഭവനനിർമ്മാണ പദ്ധതിയും ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവർ പ്രസംഗിക്കും. ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തും.

സാധാരണക്കാരായ നിരവധിയാളുകൾക്ക് കരുതലും സ്‌നേഹവും പ്രദാനം ചെയ്യുന്ന ക്ഷേമ പദ്ധതികൾക്കാണ് തുടക്കം കുറിക്കുന്നത്. വീടില്ലാത്ത പാവപ്പെട്ട‌വർക്ക് താങ്ങും തണലുമാവുകയാണ് പ്രധാന ലക്ഷ്യം. രജതജൂബിലിയഘോഷങ്ങൾ രാജ്യത്തിനകത്തും പുറത്തുമായി 238 വേദികളിൽ തത്സമയം കാണാം. രണ്ടരലക്ഷം പേർ വീക്ഷിക്കും. മിക്ക സ്ഥലങ്ങളിലും മന്ത്രിമാരും ജനപ്രതിനിധികളും പങ്കാളികളാകും.