
കായംകുളം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദവികളിൽ വെള്ളാപ്പള്ളി നടേശൻ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി കായംകുളം യൂണിയനിൽ ഒരുവർഷം നീളുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന രജതജൂബിലി സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ.സി.ബാബു ഉദ്ഘാടനം ചെയ്തു. കായംകുളം ശ്രീനാരായണ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലുള്ള എസ്.എൻ സെൻട്രൽ സ്കൂൾ, എസ്.എൻ വിദ്യാപീഠം, എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ ഇന്ന് മുതൽ അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്ക് തുടർച്ചയായി രണ്ടു വർഷം 30 ശതമാനം ഫീസ് ഇളവ് നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ നിർവഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. ധനപാലൻ, എ. പ്രവീൺകുമാർ, മഠത്തിൽ ബിജു, യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, മുനമ്പേൽ ബാബു, ജെ. സജിത്ത്കുമാർ, വിഷ്ണുപ്രസാദ്, ടി.വി. രവി, എൻ. ദേവദാസ്, എൻ. സദാനന്ദൻ, പി.എസ്. ബേബി, വനിതാ സംഘം ഭാരവാഹികളായ സുഷമ തങ്കപ്പൻ, ഭാസുര മോഹൻ, സൗദാമിനി രാധാകൃഷ്ണൻ യൂത്ത്മൂവ്മെന്റ് ഭാരവാഹി വി.എസ്. സോണി എന്നിവർ സംസാരിച്ചു.