photo

ആലപ്പുഴ: കൂട്ടുകാരനോടൊപ്പം കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പത്താംക്ളാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പറവൂർ ദേവസ്വംപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഷിബു-ലേഖ ദമ്പതികളുടെ ഏകമകൻ സുരാജ് (15) ആണ് മരിച്ചത്. പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുമൊത്ത് കുളിക്കാനിറങ്ങിയ സുരാജ് കുളികഴിഞ്ഞ് കരയ്ക്കു കയറിയ ശേഷം നീന്തുന്നതിനായി വീണ്ടും കുളത്തിൽ ഇറങ്ങി. കുറച്ചു ദൂരം നീന്തിയ ശേഷം കുഴഞ്ഞതോടെ സുഹൃത്തിനോട് സഹായം അഭ്യർത്ഥിച്ചു. കൂട്ടുകാരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കയത്തിൽ മുങ്ങി താഴുകയായിരുന്നു. സുഹൃത്തിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ കരയിലെത്തിച്ച സുരാജിനെ സ്ഥലത്തെത്തിയ സൗത്ത് പൊലീസ് ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.