പൂച്ചാക്കൽ: കാത്തിരിപ്പിനൊടുവിൽ നേരേകടവ് - മാക്കേകടവ് പാലം നിർമ്മാണം തുടരാൻ വഴിയൊരുങ്ങി. സ്വകാര്യ അന്യായം അനുവദിച്ച് 2017ൽ പാലത്തിന്റെ നിർമ്മാണം ഹൈക്കോടതി തടഞ്ഞിരുന്നതാണ്. പാലം നിർമ്മാണം വൈകുന്നതിനെത്തുടർന്ന്
ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നിർമ്മാണം തുടരാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
തുറവൂർ - പമ്പ പാതയിലെ പ്രധാനപ്പെട്ട പാലത്തിന്റെ നിർമ്മാണം വൈകുന്നതിൽ ജനങ്ങൾക്കുണ്ടാകുന്ന ആശങ്ക ചർച്ചയായിരുന്നു. നിരവധി സമരപരിപാടികളാണ് പാലത്തിനായി നടന്നുകൊണ്ടിരുന്നത്. കോട്ടയം,ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിന് കുറുകെയുള്ള ഈ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ അരൂർ,ചേർത്തല ഭാഗങ്ങളിലെ ജനങ്ങൾക്ക് കോട്ടയത്ത് വേഗത്തിൽ എത്താൻ സാധിക്കും. പാലാ - ഈരാറ്റപേട്ട വഴി ശബരിമലയ്ക്ക് എത്താൻ കഴിയുന്ന പമ്പാ പാത എന്ന നിലയിൽ ശബരിമല തീർത്ഥാടകർക്കും പ്രയോജനകരമാകും.