photo

ചേർത്തല: എസ്.എൻ ട്രസ്​റ്റിന്റേയും എസ്.എൻ.ഡി.പി യോഗത്തിന്റേയും അമരത്ത് കാൽനൂ​റ്റാണ്ട് പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് ആശംസകളുമായി ബി.ജെ.പി നേതാക്കളെത്തി. ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ എന്നിവരാണ് ഇന്നലെ വൈകിട്ടോടെ വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നേതാക്കളെ സ്വീകരിച്ചു. തുടർന്ന് കൃഷ്ണദാസും എ.എൻ.രാധാകൃഷ്ണനും വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് ആദരിച്ചു. സമസ്ത മേഖലകളിലും പിന്നാക്കം നിന്നിരുന്ന ഈഴവ സമുദായത്തെ ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലേക്കെത്തിച്ചത് വെള്ളാപ്പള്ളി നടേശൻ എന്ന മഹദ് വ്യക്തിത്വത്തിന്റെ സാരഥ്യമാണെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു.ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, മുൻ സംസ്ഥാന വക്താവ് അഡ്വ.പി.ആർ.ശിവശങ്കരൻ, ജില്ലാ ട്രഷറർ കെ.ജി.കർത്ത, മേഖലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, ചേർത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ, മുഹമ്മ മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.