
ആലപ്പുഴ : മാവേലിക്കര റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർ ഫോഴ്സ് എത്തി തീ അണച്ചതിനാൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് കാറുകളിലേക്ക് തീ പടർന്നില്ല. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. കറ്റാനം ഭരണിക്കാവ് ആദിക്കാട്ട് വീട്ടിൽ ബിന്ദു ശ്രീനിയുടെ ഫോർഡ് ഫിയസ്റ്റ കാറാണ് കത്തിയത്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന മകനെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഇവർ കാർ പാർക്ക് ചെയ്ത ശേഷം ഇറങ്ങി കുറച്ചു സമയത്തിനുശേഷമാണ് കാറിൽ നിന്ന് തീ ഉയരുന്നതു കണ്ടത്. ഉടൻ തന്നെ അറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സെത്തി തീ അണച്ച് അപകടം ഒഴിവാക്കുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചു.