തുറവൂർ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ സമാപിച്ചു. നാളെയാണ് തിരഞ്ഞെടുപ്പ്. മറ്റന്നാൾ ഫലമറിയാം. തുറവൂർ ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ മുതൽ സെക്ടറൽ ഓഫീസർമാർക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും പോളിംഗ് സാമഗ്രികളുടെയും വിതരണം നടക്കും. സെക്ടറൽ ഓഫീസർമാർക്കാണ് വാഹനത്തിൽ ഒരോ പോളിംഗ് സ്റ്റേഷനിലും ഇവ എത്തിക്കാനുള്ള ചുമതല.

93 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ്. ജില്ലയുടെ വടക്കൻ മേഖലയിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലെ 52 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന അരൂർ ഡിവിഷനിൽ 67,070 വോട്ടർമാരാണുള്ളത്. അനന്തു രമേശൻ (എൽ.ഡി.എഫ്), അഡ്വ.കെ.ഉമേശൻ (യു.ഡി.എഫ്), കെ.എം.മണിലാൽ (എൻ.ഡി.എ.) എന്നിവരാണ് പ്രധാന മുന്നണി സ്ഥാനാർത്ഥികൾ. ഒരു സ്വതന്ത്രനുൾപ്പെടെ നാലുപേരാണ് ജനവിധി തേടുന്നത്.

സിറ്റിംഗ് സീറ്റ് ഭൂരിപക്ഷം കൂട്ടാൻ എൽ.ഡി.എഫും കൈവിട്ടുപോയ സീറ്റ് തിരിച്ചുപിടിക്കാൻ യു.ഡി.എഫും സ്വാധീനമേഖലകളിലടക്കം പരമാവധി വോട്ടുകൾ നേടി വിജയമുറപ്പിക്കാൻ എൻ.ഡി.എയും ശക്തമായ പോരാട്ടമാണ് നടത്തുന്നത്.

ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക. ഇന്നലെ വൈകിട്ട് തുറവൂർ ജംഗ്ഷൻ, എരമല്ലൂർ കൊച്ചു വെളിക്കവല, ചന്തിരൂർ ഗവ. സ്കൂൾ ജംഗ്ഷൻ, ചന്തിരൂർപാലം എന്നിവിടങ്ങളിലാണ് കൊട്ടിക്കലാശം നടന്നത്.