അർത്തുങ്കൽ: അർത്തുങ്കൽ, അറവുകാട്, തൈക്കൽ മേഖലയിലെ നാട്ടുകാരും യാത്രക്കാരും പുതിയ ഒരു വിഭാഗം തെരുവു നായ്ക്കളുടെ ഭീതിയിലാണ്. നാട്ടിൽ സാധാരണ കണ്ടുവരുന്നവയല്ലാത്ത അപരിചിതരായ നായ്ക്കൾ പലയിടങ്ങളിലും വിലസുകയാണ്. വാഹനയാത്രക്കാർക്ക് , പ്രത്യേകിച്ച് ബൈക്ക് യാത്രക്കാർക്കാണ് ഇവ വലിയ രീതിയിൽ ഭീഷണിയാകുന്നത്. കാൽനടയാത്രക്കാർക്കും നായ്ക്കൾ ശല്യമുണ്ടാക്കുന്നുണ്ട്.
പൊതുവെ നായ്ക്കൾ റോഡരികിൽ സമാധാന പ്രിയരായാണ് കഴിയുന്നത്. ഇവയെക്കൊണ്ട് നാട്ടുകാർക്ക് പൊതുവെ വലിയ ശല്യമില്ല. എന്നാൽ വാഹനങ്ങൾക്ക് നേരെ കരച്ചുചാടുകയും പിന്തുടരുകയും ചെയ്യുന്നു ഈ പുതിയ നായ്ക്കൂട്ടം.
നാട്ടിൽ സാധാരണ കണ്ടുവരുന്ന പട്ടികളല്ല ഇവയെന്നും അടുത്തകാലത്തായി ഈ പ്രദേശങ്ങളിലായി എത്തപ്പെട്ടവയാണ് പുതിയ നായ്ക്കൂട്ടമെന്നും നാട്ടുകാർ പറയുന്നു.
എന്നാൽ പുതിയ നായ്ക്കൂട്ടം റോഡരികിൽ തമ്പടിച്ച് വാഹനയാത്രക്കാർക്കും മറ്റും വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് കൂടുതൽ ശല്യം.
സമീപകാലത്തായി കണ്ടുതുടങ്ങിയ ഈ നായ്ക്കൾ മറ്റ് പ്രദേശങ്ങളിൽ നിന്ന് ഈ മേഖലയിലേയ്ക്ക് എത്തിച്ച് റോഡിൽ ഇറക്കിവിടുന്നവയാണെന്നാണ് നാട്ടുകാർ പറയുന്നത്. മാരാരിക്കുളം തുടങ്ങിയ തെക്കൻ പഞ്ചായത്തുകളിൽ അടുത്ത സമയത്ത് നായ്ക്കളെ വന്ധ്യംകരണം നടത്തിയിരുന്നു. ഇവിടെ നിന്ന് നായ്ക്കളെ പലയിടങ്ങളിലായി വാഹനങ്ങളിലെത്തിച്ച് ഇറക്കിവിടുകയാണെന്നാണ് പറയുന്നത്. കരാറെടുക്കുന്നവരാണത്രെ ഇതിനുപിന്നിൽ.
പഞ്ചായത്തിലെ മറ്റ് മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം. അർത്തുങ്കൽ കഴിഞ്ഞിടെ സ്കൂൾ വിദ്യാർത്ഥി പേവിഷബാധയേറ്റ് മരിച്ചിരുന്നു. ഇതേത്തുടർന്ന് പൊതുവേ തെരുവുനായ്ക്കൾ ആശങ്ക പരത്തിയിരിക്കെയാണ് പുതിയ നായ്ക്കൾ ഉണ്ടാക്കുന്ന പ്രശ്നം.
...........................................................................
റോഡരികിൽ കാണുന്ന നായ്ക്കളുടെ ശല്യം അടുത്തിടെയായി വളരെ വർദ്ധിച്ചിരിക്കുകയാണ്. ഇവ നാട്ടിൽ പരിചയമില്ലാത്ത പട്ടികളാണെന്നതാണ് പ്രത്യേകത. മറ്റിടങ്ങളിൽ നിന്ന് ഈ മേഖലയിൽ ഇറക്കിവിടുന്നവയാണിവയെന്നാണ് കരുതുന്നത്. വാഹനയാത്രക്കാർക്കും മറ്റുമാണ് ഇവ ഏറെ ഭീഷണി. പൊലീസ് അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
സൂര്യദാസ്, മെമ്പർ, അഞ്ചാം വാർഡ്, ചേർത്തല തെക്ക് പഞ്ചായത്ത്
............................................