ചേർത്തല: ജില്ലാ ജൂനിയർ അത്‌ല​റ്റിക് മീ​റ്റിൽ 314 പോയിന്റ് നേടി ആലപ്പുഴ ലിയോ അത്‌ല​റ്റിക് അക്കാഡമി ചാമ്പ്യന്മാരായി. 167 പോയിന്റ് നേടിയ ആലപ്പുഴ ദിശാ അത്‌ല​റ്റിക്കാണ് രണ്ടാമത്. 76 പോയിന്റോടെ ദുർഗാവിലാസം അത്‌ല​റ്റിക് ക്ലബ് ചാരമംഗലം മൂന്നാം സ്ഥാനത്തെത്തി.

ശനിയാഴ്ചയും ഇന്നലെയുമായി ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് മൈതാനത്താണ് മത്സരങ്ങൾ നടന്നത്. ജില്ലയിലെ 44 ക്ലബുകളിൽ നിന്നായി 700 താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അണ്ടർ 20, 18, 16, 14 ആൺ, പെൺ വിഭാഗങ്ങളിലായി 116 ഇനങ്ങളിലായാണ് മത്സരങ്ങൾ. ഇതിലെ വിജയികൾ 21 മുതൽ 23 വരെ മലപ്പുറത്ത് നടക്കുന്ന സംസ്ഥാന അത്‌ല​റ്റിക് മീ​റ്റിന് അർഹത നേടി.

നൂറിൽപ്പരം പേർ സംസ്ഥാന തലത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ പറഞ്ഞു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു. അത്‌ല​റ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷാജഹാൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.കെ. പ്രതാപൻ, എക്‌സി. അംഗം ആന്റണി ഫെർണാണ്ടസ്, ട്രഷറർ സി. ഡിവൈൻ എന്നിവർ സംസാരിച്ചു.