 
ആലപ്പുഴ: യാത്രക്കാരുടെ ദാഹം അകറ്റിയിരുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ആർ.ഒ പ്‌ളാന്റുകൾ ശൂന്യം. വെള്ളം കിട്ടാതായിട്ട് ആറുമാസം കഴിഞ്ഞതായി യാത്രക്കാരും ജീവനക്കാരും പറയുന്നു. 2013ൽ ഉദ്ഘാടനം ചെയ്തശേഷം പത്തിലധികം തവണയാണ് ആർ.ഒ പ്‌ളാന്റുകൾ തകരാറിലായത്.
മോട്ടോർ തകരാറുമൂലമാണ് ഇപ്പോൾ വെള്ളം മുടങ്ങിയത്. പാർലമെന്റ് അംഗമായിരിക്കെ കെ.സി. വേണുഗോപാൽ എം.പിയുടെ ഫണ്ട് വിനിയോഗിച്ചാണ് 200ലധികം ജീവനക്കാർക്കും യാത്രക്കാർക്കും ഉപയോഗിക്കാൻ വെവ്വേറെ ആർ.ഒ പ്‌ളാന്റുകൾ സ്ഥാപിച്ചത്. യാത്രക്കാർക്കുള്ളത് സ്റ്റാൻഡിനു കിഴക്ക് കംഫർട്ട് സ്റ്റേഷന് മുന്നിലും ജീവനക്കാർക്കുള്ളത് ഗ്യാരേജിനു സമീപവുമാണ് സ്ഥാപിച്ചത്.
ഇതിൽ യാത്രക്കാർക്ക് ആശ്രയിക്കാവുന്ന പ്‌ളാന്റാണ് ആദ്യം നിലച്ച്. ആറുമാസമായി രണ്ടാമത്തെ പ്ളാന്റും പ്രവർത്തനരഹിതമായിട്ട്. കെ.എസ്.ആർ.ടി.സിയുടെ കുഴൽകിണറിൽ നിന്ന് പമ്പ്ചെയ്യുന്ന 2.2 കിലോവാട്ട് കുതിരശക്തിയുള്ള മോട്ടോർ തകരാറിലായതും ശുചീകരണ പ്ളാന്റിന്റെ കുഴലുകളുടെ ചോർച്ചയുമാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണമായത്. ഒരു യാത്രക്കാരന് രണ്ടുലിറ്റർ വെള്ളം ഇവിടെ നിന്ന് ശേഖരിക്കാമായിരുന്നു. തകരാർ പരിഹരിച്ച് ആർ.ഒ പ്ളാന്റുകളുടെ പ്രവർത്തനം സുഗമമാക്കണമെന്ന ആവശ്യം ശക്തമാണ്.
നിരന്തരം കേടാകുന്നു
1. അടിക്കടി ആർ.ഒ പ്ളാന്റുകൾ തകരാറിലാകുന്നു
2. കപ്പാസിറ്റി കുറവായത് പ്രവർത്തനത്തെ ബാധിച്ചു
3. വെള്ളത്തിന് ഗുണനിലവാരം കുറവ്
4. നന്നാക്കാത്തതിന് പിന്നിൽ വ്യാപാരികളുടെ സമ്മർദ്ദം
5. ദാഹജലത്തിനായി യാത്രക്കാർ പരക്കംപായുന്നു
ആർ.ഒ പ്‌ളാന്റുകൾ: 02
ഉദ്ഘാടനം ചെയ്തത്: 2013ൽ
നിർമ്മാണ ചെലവ്: ₹ 10 ലക്ഷം
ടാങ്കിന്റെ സംഭരണശേഷി: 1,000 ലിറ്റർ
""
പ്ളാന്റുകൾ പ്രവർത്തനരഹിതമായതോടെ സ്വകാര്യ കുടിവെള്ള കമ്പനികളുടെ കുപ്പിവെള്ളത്തിന് ചെലവ് കൂടി. പ്രദേശത്തെ ചില വ്യാപാരികളുടെ സമ്മർദ്ദത്തെ തുടർന്നാണ് ആർ.ഒ പ്ളാന്റുകളുടെ അറ്റകുറ്റപ്പണി നടത്താത്തത്.
സന്തോഷ്, സ്ഥിരം യാത്രക്കാരൻ
""
പ്‌ളാന്റിൽ നിന്ന് ലഭിക്കുന്ന വെള്ളം ഗുണനിലവാരം കുറഞ്ഞതാണ്. കപ്പാസിറ്റി കുറഞ്ഞ പ്‌ളാന്റ് സ്ഥാപിച്ചതുകൊണ്ടാണ് അടിക്കടി പ്രവർത്തനരഹിതമാകുന്നത്.
ജീവനക്കാർ, കെ.എസ്.ആർ.ടി.സി, ആലപ്പുഴ