
ആലപ്പുഴ: കൊള്ളപ്പലിശക്കാരിൽ നിന്ന് വീട്ടമ്മമാരെ രക്ഷിക്കാൻ കുടുംബശ്രീ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കിയ 'മുറ്റത്തെ മുല്ല' പദ്ധതി ജില്ലിയിൽ വ്യാപകമാകുന്നു. പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്നാണ് കുടുംബശ്രീ യൂണിറ്റുകൾ വായ്പയെടുക്കുന്നത്.
1,000 മുതൽ 25,000 രൂപ വരെ ഓരോ കുടുംബശ്രീ അംഗത്തിനും കുറഞ്ഞ പലിശനിരക്കിൽ ലഭിക്കും. പരസ്പര ജാമ്യവ്യവസ്ഥയിലാണ് വായ്പ നൽകുന്നത്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ മണിലെൻഡേഴ്സ് സർവേ സംഘടിപ്പിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സഹകരണ മേഖലയുമായി കൈകോർത്ത് കൂടുതൽ പേർക്ക് ആശ്വാസമേകുന്ന പദ്ധതി വിപുലപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞെങ്കിലും കൃത്യമായ അവബോധം പലർക്കുമില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പദ്ധതി ആദ്യമായി ആരംഭിച്ചത് 2018ൽ പാലക്കാട്ടാണ്. ലഘുവായ്പകൾക്ക് കുറഞ്ഞ പലിശ നിരക്കാണുള്ളത്. 1,000 രൂപയ്ക്ക് ഒരു വർഷം കൊണ്ട് 1,120 രൂപയാണ് തിരിച്ചടയ്ക്കേണ്ടത്. പത്ത് ആഴ്ചകൊണ്ട് തിരിച്ചടവ് പൂർത്തിയാക്കാവുന്ന വായ്പയും ലഭിക്കും. ആഴ്ച തോറും വീടുകളിലെത്തിയും തിരിച്ചടവ് സ്വീകരിക്കും.
പലിശ തുശ്ചം, ഗുണം മെച്ചം
1. സംസ്ഥാന ശരാശരിയിൽ ഒരു കുടുംബശ്രീ അംഗം വായ്പയെടുത്തത് 13,000 രൂപ
2. തിരിച്ചടവ് പലിശ കുറവ്
3. പരസ്പര ജാമ്യത്തിൽ വായ്പ ലളിതമായി ലഭിക്കും
4. എന്നിട്ടും കുടുംബശ്രീ യൂണിറ്റുകൾക്ക് താത്പര്യമില്ല
5. സഹകരണബാങ്കുകളെ ഒഴിവാക്കി ആഴ്ചപ്പലിശക്കാരെ ആശ്രയിക്കുന്നു
സംസ്ഥാനത്ത് ഈ വർഷം വിതരണം ചെയ്തത്: ₹ 535.65 കോടി
വായ്പ ലഭിച്ച കുടുംബങ്ങൾ: 39,195
പദ്ധതിയിലുൾപ്പെട്ട സഹകരണ ബാങ്കുകൾ: 586
''"
ജില്ലയിൽ മുറ്റത്തെ മുല്ല പദ്ധതി വ്യാപകമായിട്ടില്ല. പലിശ കുറവാണെങ്കിലും വലിയ തുക പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് ലഭ്യമാകുന്നുണ്ട്. സഹകരണബാങ്കുകൾ വഴിയാണ് മുറ്റത്തെ മുല്ല പദ്ധയിൽ പണം ലഭിക്കുന്നത് .
അജയകുമാർ, അസി. കോ ഓർഡിനേറ്റർ, കുടുംബശ്രീ